കൊല്‍ക്കത്ത: വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തുന്നു. പ്രവാചക നിന്ദയും മുസ്ലിംകള്‍ക്കെതിരായ വിദ്വേഷവും നിറഞ്ഞ എഴുത്തുകളെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് നഗരം വിടേണ്ടിവന്ന തസ്ലീമയുടെ തിരിച്ചുവരവ് പശ്ചിമ ബംഗാളില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
|
ലജ്ജ, തന്റെ ആത്മകഥാംശമുള്ള ‘ദ്വിഖണ്ഡിതോ’ (Split: A Life) തുടങ്ങിയ പുസ്തകങ്ങളിലെ ഉള്ളടക്കം മതനിന്ദയാണെന്ന് ആരോപിച്ച് 2007-ല്‍ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ സി.പി.എം നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ പുസ്തകം നിരോധിക്കുകയും തസ്ലീമയ്ക്ക് കൊല്‍ക്കത്ത വിടേണ്ടി വരികയും ചെയ്തു. 2004 മുതല്‍ 2007 വരെ കൊല്‍ക്കത്തയില്‍ താമസിച്ചിരുന്ന 63-കാരിയായ എഴുത്തുകാരി, നിലവില്‍ ദീര്‍ഘകാല റെസിഡന്‍സ് പെര്‍മിറ്റില്‍ ഡല്‍ഹിയിലാണ് താമസം.
2026 ആഗസ്റ്റ് ഒന്നിന് കൊല്‍ക്കത്തയിലെ രവീന്ദ്ര സദനത്തില്‍ നടക്കുന്ന തീവ്രവാദവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനാണ് തസ്ലീമയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മൂന്ന് പ്രമുഖ സംഘടനകള്‍ സംയുക്തമായാണ് അവരെ ക്ഷണിച്ചിട്ടുള്ളത്. പരിപാടിയില്‍ അവര്‍ കവിതകള്‍ ആലപിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും. മുഖ്യമന്ത്രി സുവേന്ദു അധികാരി, സംസ്ഥാന ധനമന്ത്രി സ്വപന്‍ ദാസ് ഗുപ്ത, പ്രമുഖ എഴുത്തുകാരന്‍ ശീര്‍ഷേന്ദു മുഖോപാധ്യായ എന്നിവരും ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
വലിയ പ്രതിഷേധം
തസ്ലീമ നസ്റിന്റെ സന്ദര്‍ശനം ബംഗാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ കടുത്ത വാക്‌പോരിന് കാരണമായിട്ടുണ്ട്.
തസ്ലീമയെ ബംഗാളിലേക്ക് കൊണ്ടുവരണമെന്ന് താന്‍ മുന്‍പ് തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചാണ് അവര്‍ ‘ലജ്ജ’ എന്ന പുസ്തകത്തില്‍ എഴുതിയതെന്നും എന്നാല്‍ മുന്‍ ഇടത് സര്‍ക്കാര്‍ അവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തസ്ലീമയുടെ സന്ദര്‍ശനത്തെ ബി.ജെ.പി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, തസ്ലീമ നസ്റിന്‍ മുസ്ലിം സമുദായത്തിനും ഇസ്ലാമിക ശരീയത്തിനും എതിരെ നിരന്തരം സംസാരിക്കുന്ന വ്യക്തിയാണെന്നും, അതുപോകൊണ്ടുമാത്രമാണ് ബി.ജെ.പിയുടെ ‘ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ അവരെ ബഹുമാനിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖ്റുസ്സമാന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അന്നപൂര്‍ണ പദ്ധതി, കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി, സ്ത്രീ സുരക്ഷ എന്നിവ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി സര്‍ക്കാര്‍, ജനശ്രദ്ധ തിരിച്ചുവിടാനാണ് തസ്ലീമയെ കൊണ്ടുവരുന്നതെന്ന് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ISF) എം.എല്‍.എ നൗഷാദ് സിദ്ദിഖി ആരോപിച്ചു. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Taslima Nasreen Set To Return To Kolkata After 2 Decades



