പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തവരെ തഴഞ്ഞ് ആര്‍എസ്എസുകാരെ ഉന്നത തലങ്ങളില്‍ നിയമിക്കുന്നുവെന്ന കെഎസ്‌യുവിന്റെയും മറ്റു പോഷക സംഘടനകളുടെയും ആരോപണം പുച്ഛിച്ചു തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍. കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചവരെയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ പരിഗണിക്കുന്നില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്യു കമ്മിറ്റിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുള്ള പ്രതികരണം.
|
പ്ലീഡര്‍ നിയമനത്തില്‍ ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്യു, മറ്റൊരാള്‍ ബിജെപി എന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ ഈ രണ്ട് പേരും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. രണ്ട് പേരും ഈ സംഘടനയില്‍ അംഗങ്ങള്‍ ആണ്. അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എജിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനം. എന്നോട് കെഎസ്യു നേതാക്കള്‍ ആരും പരാതി പറഞ്ഞിട്ടില്ല. കെഎസ്യു യൂണിറ്റ് കമ്മിറ്റി ആണോ പ്ലീഡറെ നിയമിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
പിഎം ശ്രീയില്‍ തീരുമാനം ഉടന്‍
പിഎം ശ്രീയില്‍ തീരുമാനം ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പിഎം ശ്രീ പരിഗണിക്കും. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. വന്നാല്‍ മാത്രമേ നടപടി എടുക്കാന്‍ പറ്റൂ. വാര്‍ത്ത കണ്ട് നടപടി എടുത്താല്‍ കുറ്റാരോപിതര്‍ കോടതിയില്‍ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്മ പുരസ്‌കാരത്തിന് സര്‍ക്കാര്‍ നാമനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിവേഗ റെയില്‍ പദ്ധതി: റിപോര്‍ട്ട് അപൂര്‍ണം
സംസ്ഥാനത്ത് അതിവേഗ ട്രെയിന്‍ പദ്ധതിക്ക് വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ല. ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കുന്നത് ഉചിതമാവില്ലെന്നാണ് വിലയിരുത്തല്‍. പ്രാരംഭ നടപടികള്‍ ആരംഭിക്കരുത് എന്നാണ് നിര്‍ദേശം. പാരിസ്ഥിതിക, സാമ്പത്തിക വിഷയങ്ങള്‍ പഠിക്കാതെ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികളുലേക്ക് നീങ്ങരുത്. സര്‍ക്കാരിന് ഇതില്‍ വിശദമായ പഠനം നടത്തണം. അതിന് ശേഷമേ ഡിപിആര്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ. നിലവില്‍ ലഭിച്ച പ്രൊജക്റ്റ് നല്ല ഒരു ഇക്കണോമിക് മോഡല്‍ അല്ല. റിപ്പോര്‍ട്ട് അപൂര്‍ണം എന്നാണ് സമിതിയുടെ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതില്‍ തെറ്റില്ല
ഹിന്ദു ഐക്യവേദി നേതാക്കള്‍ തന്നെ കണ്ടതില്‍ തെറ്റൊന്നുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഹിന്ദു ഐക്യവേദി നേതാക്കള്‍ കാണാന്‍ അനുമതി ചോദിച്ചു, അനുമതി നല്‍കി. അവര്‍ നിവേദനം നല്‍കാന്‍ വന്നതാണ്, അത് വാങ്ങി. പൊതുജനങ്ങള്‍ കാണാന്‍ വരുന്ന സമയത്താണ് കണ്ടത്. ഞാന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയല്ലേ, ആരെയെങ്കിലും മാറ്റിനിര്‍ത്താന്‍ പറ്റുമോ. ഞാന്‍ പിണറായിയെ പോലെ ഒളിച്ചല്ല ബിജെപി നേതാക്കളെ കണ്ടത് -മുഖ്യമന്ത്രി പറഞ്ഞു. സുകുമാരന്‍ നായര്‍ കാണാന്‍ സമയം ചോദിച്ചിട്ട് സമയം കൊടുത്തില്ല എന്ന വാര്‍ത്ത തെറ്റാണ്. നേരില്‍ കാണാമെന്നു താന്‍ പറഞ്ഞിരുന്നു. ആര് കാണണം എന്ന് പറഞ്ഞാലും അവരെ കാണണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.





