ന്യൂഡല്‍ഹി: ഒമാനിലെ മസ്‌കറ്റില്‍ വീട്ടുജോലിക്കായി പോയ ഇന്ത്യന്‍ യുവതി അവിടെ നേരിടേണ്ടി വന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ക്രൂരതകള്‍. പ്രതിദിനം 15 മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതായും കഴിഞ്ഞ നാല് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായ 26-കാരിയായ ഹൈദരാബാദ് സ്വദേശിനി ശബ്‌നം ബീഗം, രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്.
|
ഹൈദരാബാദിലെ രാഷ്ട്രീയ നേതാവായ മജ്ലിസ് ബച്ചാവോ തെഹ്രീക്കിന്റെ അംജദുല്ലാ ഖാനാണ് യുവതി അയച്ച വീഡിയോ സന്ദേശം പുറത്തുവിട്ടത്. നിലവില്‍ സ്‌പോണ്‍സറുടെ പക്കല്‍ നിന്നും രക്ഷപ്പെട്ട് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് യുവതി.
വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി ഒമാനിലേക്ക്
നാട്ടിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്റ് വഴി കഴിഞ്ഞ മാര്‍ച്ച് 26-നാണ് ശബ്‌നം ഒമാനിലേക്ക് തിരിച്ചത്. പ്രതിമാസം 200 ഒമാനി റിയാല്‍ (ഏകദേശം 50,000 രൂപ) ശമ്പളത്തില്‍ വീട്ടുജോലിയായിരുന്നു വാഗ്ദാനം. എന്നാല്‍ ഒമാനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വ്യത്യസ്ത വീടുകളിലായി 12 മുതല്‍ 15 മണിക്കൂര്‍ വരെ പകലന്തിയോളം ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതയായി. കൃത്യമായി ആഹാരമോ താമസസൗകര്യമോ നല്‍കിയില്ലെന്ന് മാത്രമല്ല, ഒന്നര മാസത്തോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ശബ്‌നം വീഡിയോയില്‍ പറയുന്നു.
ALSO READ: ഫുട്ബോൾ ലോകകപ്പ് ഫൈനൽ: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മര്‍ദ്ദനവും പീഡനവും സഹിക്കവയ്യാതെയാണ് സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും ഒളിച്ചോടി ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. എന്നാല്‍ ഏജന്റുമാര്‍ പാസ്‌പോര്‍ട്ട് തട്ടിയെടുത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവതി. തങ്ങളെ ഈ നരകയാതനയില്‍ നിന്നും എത്രയും വേഗം രക്ഷിക്കണമെന്ന് യുവതി അംജദുല്ലാ ഖാനോട് അപേക്ഷിക്കുന്നു.
എംബസിയുടെ ഇടപെടല്‍; വിദേശകാര്യ മന്ത്രിക്കു പരാതി
യുവതിയുടെ കുടുംബം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അടിയന്തരമായി പരാതി നല്‍കിയിട്ടുണ്ട്. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വഴി ശബ്‌നത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഉടന്‍ തന്നെ ഹൈദരാബാദിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി പ്രതികരിച്ചു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ആവശ്യമായ തലങ്ങളില്‍ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണെന്നും എംബസി എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അതേസമയം, യുവതിയെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഒമാനിലേക്ക് കയറ്റി അയച്ച ഹൈദരാബാദിലെ ഏജന്റിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.





