21
Jul 2026
Tue
21 Jul 2026 Tue
Protesters back at Jantar Mantar on Tuesday morning

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ വൻ പ്രതിഷേധം അരങ്ങേറിയ ഡൽഹിയിൽ പോലീസിനെ വെട്ടിച്ച് ജന്തർ മന്തറിലെ സമരപ്പന്തൽ തിരിച്ചുപിടിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർ. തിങ്കളാഴ്ചത്തെ സംഘർഷങ്ങൾക്കും പോലീസ് നടപടികൾക്കും പിന്നാലെ നീക്കം ചെയ്ത വേദി പ്രവർത്തകർ ചൊവ്വാഴ്ച രാവിലെയോടെ വീണ്ടും സ്ഥാപിക്കുകയായിരുന്നു. ഇതോടെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജന്തർ മന്തറിൽ പോലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (RAF) വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രതിഷേധക്കാര്‍ പുതിയ വേദി സ്ഥാപിക്കുകയും പ്രതിഷേധം തുടരുകയുമായിരുന്നു.

‘ഞങ്ങള്‍ ഇനിയും മാര്‍ച്ച് ചെയ്യും. ഇവിടം വിടില്ല’, എന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് സംബന്ധിച്ച ചോദ്യത്തോട് ദിപ്‌കെ പ്രതികരിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരും. അടുത്ത മാര്‍ച്ചിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുകയാണ്. അടുത്ത നീക്കം സംബന്ധിച്ച് സിജെപി ഔദ്യോഗികമായി അറിയിക്കും എന്നും സിജെപി വ്യക്തമാക്കി.

ALSO READ: കോഴിക്കോട്ടെ കൊലപാതകത്തില്‍ ട്വിസ്റ്റ്; ബന്ധുവായ 22കാരന്‍ പിടിയില്‍

തിങ്കളാഴ്ച നടന്ന “സൻസദ് ചലോ” പാർലമെന്റ് മാർച്ചിനിടെ ഡൽഹിയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. പോലീസും വിദ്യാർത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം പോലീസുകാർക്കും അറുപതിലേറെ പ്രതിഷേധക്കാർക്കും പരിക്കേറ്റു. ക്രമസമാധാന ലംഘനത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമായി എഴുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ അക്രമാസക്തമായി പെരുമാറിയതാണ് ബലപ്രയോഗത്തിലേക്ക് നയിച്ചതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയപ്പോൾ, സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അനാവശ്യമായി മൃഗീയമായി ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നുവെന്ന് സി.ജെ.പി ആരോപിച്ചു.

കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി ചർച്ച; നൽകിയ ആവശ്യങ്ങൾ ഇതാ:

ഡൽഹിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സർക്കാർ പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ 3 പ്രധാന ആവശ്യങ്ങളാണ് സംഘടന കേന്ദ്രമന്ത്രിക്ക് മുന്നിൽ വെച്ചത്:

  1. സൊനം വാങ്ചുക്കിനെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ മോചിപ്പിക്കുക.

  2. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക.

  3. നീറ്റ് പരീക്ഷ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക.

വിഷയത്തിൽ ഉചിതമായ തലത്തിൽ ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും വ്യക്തമായ മറ്റ് പ്രതിബദ്ധതകളൊന്നും അറിയിച്ചിട്ടില്ലെന്ന് ചർച്ചയ്ക്ക് ശേഷം സി.ജെ.പി നേതാക്കൾ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി.

നിരാഹാര സമരം തുടരുമെന്ന് സൊനം വാങ്ചുക്

പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന പ്രമുഖ ആക്ടിവിസ്റ്റ് സൊനം വാങ്ചുക് ത തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. വിദ്യാർത്ഥി നേതാക്കളെ പാർലമെന്റിനകത്ത് ജനപ്രതിനിധികളെ കാണാൻ അനുവദിക്കുകയോ, അല്ലെങ്കിൽ എം.പിമാർ താൻ കഴിയുന്ന ആശുപത്രിയിൽ എത്തി സംസാരിക്കുകയോ ചെയ്യുന്നത് വരെ ഉപവാസം നിർത്തില്ലെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്ലോ വഴി പുറത്തുവിട്ട കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

CJP Reclaims Jantar Mantar