ഉയർന്ന കോർപ്പറേറ്റ് ജോലിയും ലക്ഷങ്ങളുടെ ശമ്പളവും ഉപേക്ഷിച്ച് ഓർഗാനിക് കൃഷിയിലേക്ക് തിരിഞ്ഞ് വിജയഗാഥ രചിക്കുകയാണ് ഒരു ദമ്പതികൾ. ഐ.ഐ.ടി ബോംബെ ബിരുദധാരിയായ രാകേഷ് ആനന്ദും ഭാര്യ രൂപിക ആനന്ദുമാണ് കോർപ്പറേറ്റ് ലോകത്തോട് വിടപറഞ്ഞ് മണ്ണിലേക്ക് ഇറങ്ങിയത്. ഇന്ന് ഡല്‍ഹി-എൻ.സി.ആർ (Delhi-NCR) മേഖലയിലുടനീളം വിഷരഹിത ഓർഗാനിക് ഉൽപ്പന്നങ്ങൾ വീടുകളിലെത്തിക്കുന്ന വിജയകരമായ ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളാണ് ഇരുവരും.
|
’30 സ്റ്റേറ്റ്സ്’ (30Stades) റിപ്പോർട്ട് പ്രകാരം, ഇവർക്ക് പാരമ്പര്യമായി കൃഷിഭൂമിയോ കാർഷിക പശ്ചാത്തലമോ ഉണ്ടായിരുന്നില്ല. വർഷങ്ങളോളം ഉയർന്ന കോർപ്പറേറ്റ് പദവികളിൽ ജോലി ചെയ്ത ശേഷമാണ് ഇരുവരും കൃഷിയിലേക്ക് ഇറങ്ങിയത്. പ്രാദേശിക കർഷകരിൽ നിന്ന് കൃഷിയുടെ പാഠങ്ങൾ പഠിച്ചായിരുന്നു തുടക്കം. നിലവിൽ 15 ഏക്കറോളം സ്ഥലത്താണ് ഇവരുടെ കൃഷി വ്യാപിച്ചുകിടക്കുന്നത്.
ജോലി ഉപേക്ഷിച്ചതിന് പിന്നിൽ
കൃഷി എന്നത് വർഷങ്ങളായി ഇവരുടെ മനസ്സിലുണ്ടായിരുന്ന ഒരു ആശയമായിരുന്നു. യു.എ.ഇയിൽ ദുബായിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ എക്സിബിഷൻ കമ്പനിയിൽ രാകേഷും, എമിറേറ്റ്സ് ബാങ്കിൽ രൂപികയും ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ 2001-ൽ രാകേഷിന്റെ അമ്മയുടെ രോഗവിവരമറിഞ്ഞ് പരിചരണത്തിനായി ഇരുവരും ഇന്ത്യയിലേക്ക് മടങ്ങി.
ഇന്ത്യയിലെത്തിയ ശേഷം രൂപിക ഐ.സി.ഐ.സി.ഐ ബാങ്കിലും പിന്നീട് റിലയൻസ് ക്യാപിറ്റലിൽ നോർത്ത് ഹെഡ് ആയും ജോലി ചെയ്തു. രാകേഷ് സോളാർ ഇൻസ്റ്റലേഷൻ, കൺസൾട്ടൻസി മേഖലകളിലേക്കും തിരിഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ തിരക്കിലായിരുന്നപ്പോഴും രാസവസ്തുക്കളില്ലാത്ത വിഷരഹിത ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും നിരന്തരം സംസാരിക്കാറുണ്ടായിരുന്നു.
“ജീവിതത്തിന് അതിന്റേതായ പദ്ധതികളുണ്ടായിരുന്നു. 2001-ൽ അമ്മയെ പരിചരിക്കാനാണ് ഞങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ഞാൻ ബാങ്കിംഗ് മേഖലയിൽ തുടർന്നു, രാകേഷ് സോളാർ മേഖലയിലേക്കും തിരിഞ്ഞു. എങ്കിലും വിഷരഹിത കൃഷിയെന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു,” – രൂപിക പറയുന്നു.
ഒടുവിൽ 2018-ൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് ബിഗാ ഭൂമി പാട്ടത്തിനെടുത്താണ് ഇരുവരും കൃഷിക്ക് തുടക്കമിട്ടത്. കൃഷിപരിചയമില്ലാതിരുന്നതിനാൽ പ്രാദേശിക കർഷകരുടെ സഹായത്തോടെ മണ്ണ് ഒരുക്കുന്നതും ഓർഗാനിക് കൃഷിരീതികളും സീസണൽ വിളകളും തിരഞ്ഞെടുക്കാൻ പഠിച്ചു.
“ആദ്യഘട്ടത്തിൽ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമായി പച്ചക്കറികളും ധാന്യങ്ങളുമാണ് കൃഷി ചെയ്തത്. സുഹൃത്തിന്റെ പിതാവിന്റെയും കർഷകരുടെയും സഹായത്തോടെ ഓർഗാനിക് കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുത്തു,” – രാകേഷ് ഓർത്തെടുക്കുന്നു.
ആദ്യ സീസണിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ അടുത്ത വർഷം കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു.
കോവിഡും ബിസിനസിന്റെ വളർച്ചയും
ആദ്യത്തെ വൻവിളവെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് മഹാമാരിയും ലോക്ക്ഡൗണും വരുന്നത്. ഗതാഗതവും വിപണികളും പൂർണമായി സ്തംഭിച്ചതോടെ ഉൽപ്പന്നങ്ങൾ എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലായി.
എന്നാൽ തളരാതെ ഇരുവരും വീടുകൾ കേന്ദ്രീകരിച്ച് കച്ചവടം ആരംഭിച്ചു. രൂപിക തങ്ങളുടെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ പച്ചക്കറികൾ വിതരണം ചെയ്യാൻ തുടങ്ങി. പച്ചക്കറികളുടെ ഗുണനിലവാരം കണ്ട ഉപഭോക്താക്കൾ മറ്റുള്ളവർക്കും ശുപാർശ ചെയ്തു. പരസ്യങ്ങൾക്കായി പണം ചെലവഴിക്കാതെ തന്നെ ദില്ലി-എൻ.സി.ആർ മേഖലയിലുടനീളം ആവശ്യക്കാർ ഏറിവന്നു.
ലോക്ക്ഡൗൺ കാലത്ത് അയൽക്കാരെ സഹായിക്കാൻ തുടങ്ങിയ ഈ സംരംഭം പിന്നീട് വലിയൊരു കസ്റ്റമർ ബേസായി മാറുകയായിരുന്നു. തുടർന്ന് പിലാഖ്വയിൽ മൂന്ന് ഏക്കർ ഭൂമി സ്വന്തമായി വാങ്ങുകയും കൂടുതൽ സ്ഥലം പാട്ടത്തിനെടുക്കുകയും ചെയ്തതോടെ ഇവരുടെ കൃഷിഭൂമി 15 ഏക്കറായി ഉയർന്നു.
ഉൽപ്പന്നങ്ങളും വിപണനവും
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ചാണകം, ഗോമൂത്രം, കമ്പോസ്റ്റ്, മോര്, വേപ്പ് എന്നിവ ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ചെറുധാന്യങ്ങൾ (Millets) എന്നിവയ്ക്ക് പുറമെ കോൾഡ് പ്രസ്ഡ് എണ്ണകൾ, പരമ്പരാഗത അച്ചാറുകൾ, പ്രിസർവേറ്റീവുകൾ ഇല്ലാത്ത ഫ്രൂട്ട് ഐസ്ക്രീമുകൾ എന്നിവയും ഇവർ നിർമ്മിച്ച് നൽകുന്നുണ്ട്. വാട്ട്സ്ആപ്പ്, ഓൺലൈൻ ഓർഡറുകൾ, റെഫറലുകൾ എന്നിവ വഴിയാണ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഡല്‍ഹി-എൻ.സി.ആർ മേഖലയിൽ ആഴ്ചയിൽ പലതവണ പച്ചക്കറികൾ നേരിട്ട് വീടുകളിലെത്തിച്ചു നൽകുകയും ചെയ്യുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


