04
Aug 2026
Tue
04 Aug 2026 Tue
panakkad landslide

മലപ്പുറം പാണക്കാട്, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് തൊട്ടടുത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന്റെ ഉടമയെക്കുറിച്ചുള്ള ദുരൂഹത വര്‍ധിക്കുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് സൂചന. ചട്ടങ്ങള്‍ മറികടന്ന് സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചത് ഉന്നത നേതാവിന്റെ ഇടപെടലിലാണെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൗഫലിന്റെ പേരില്‍ സ്ഥലം വാങ്ങിയത് ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിര്‍മ്മിക്കാന്‍ പോകുന്നത് പ്രീമിയം ആയുര്‍വേദ റിസോര്‍ട്ട് ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ രൂപരേഖയുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

പരിസ്ഥിതിലോല മേഖലയില്‍ അനധികൃതമായി നിര്‍മ്മാണം നടത്താനായിരുന്നു ഉദ്ദേശം. മണ്ണെടുപ്പിനും, പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തതിലും അധികൃതര്‍ക്ക് വീഴ്ച്ച വന്നെന്നാണ് വിവരം. മണ്ണെടുപ്പിനും പാറ പൊട്ടിക്കുന്നതിനുമായി നൗഫല്‍ നഗരസഭയ്ക്കും ജിയോളജി വകുപ്പിനും കൊടുത്ത അഡ്രസിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 2018ല്‍ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവുണ്ടായിരുന്നു. വേങ്ങര കുന്നുംപുറം സ്വദേശിയായ ക്വാറി ഉടമയും സ്ഥലം ഇടപാടില്‍ പങ്കാളിയാണ് എന്നാണ് സൂചന.

ALSO READ: കുത്തിയൊലിച്ചെത്തി മണ്ണ്; പാണക്കാട് തുടരെ തുടരെ കുന്നിടിയുന്നു; ഭീതിതമായ കാഴ്ച്ച; ഉരുണ്ടു കളിച്ച് മന്ത്രിയും നഗരസഭാ അധ്യക്ഷയും

നൗഫല്‍ കടക്കാടന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിരുന്നതായുള്ള രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാളെ സംബന്ധിച്ച വിവരത്തിലാണ് ഇപ്പോള്‍ ദുരൂഹത. ഷോപ്പിങ് കോംബ്ലക്സിന് വേണ്ടിയായിരുന്നു ഇയാള്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ പ്രീമിയം ആയുര്‍വേദ റിസോര്‍ട്ടാണ് പണിയുന്നത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതേ നൗഫലിന്റെ പേരില്‍ തോട്ടശേരിയറ എന്ന മറ്റൊരു അഡ്രസിലും അപേക്ഷ നല്‍കിയിട്ടുണ്ടെന്നതാണ് ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിര്‍മാണം തുടര്‍ന്നത് എന്നാണ് ഉയരുന്ന ആരോപണം.

ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം

പ്രദേശത്ത് ഗതാഗതം പുനസ്ഥാപിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന മേഖലയില്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമോ എന്നതാണ് ആശങ്കയായി നിലനില്‍ക്കുന്നത്. മണിക്കൂറുകളോളം സമയം എടുത്തേ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കൂ.

മണ്ണ് നീക്കം ചെയ്താലും മണ്ണിടിച്ചില്‍ ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കുന്നത് വൈകും. എന്നാല്‍ പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയത് ജിയോളജി വകുപ്പാണെന്നും മണ്ണെടുക്കാന്‍ അനുമതി നല്‍കിയതില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്നുമാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ നല്‍കുന്ന വിശദീകരണം.

യാതൊരു അനുമതിയുമില്ലാതെയാണ് സ്ഥലത്ത് പ്രവര്‍ത്തി നടന്നതെന്ന് ഇന്നലെ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍, പിന്നീട് നഗരസഭാ അധ്യക്ഷ, അനുമതി നല്‍കിയിരുന്നുവെന്ന് തിരുത്തി.

Tags:
Panakkad, Malappuram, Panakkad Landslide, Malappuram Landslide, Illegal Construction, Ayurvedic Resort, Benami Property, P K Kunhalikutty, Kerala News, Breaking News, Landslide, Environmental Violation, Geology Department, Parappanangadi, Municipal Corporation, Quarry, Soil Mining, Kerala Politics, Investigation

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക