കരുവാറ്റ : കുരവാറ്റയില്‍ വാടകവീട്ടില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്. 65 വയസ്സുകാരനെ 13 വയസ്സുള്ള കൊച്ചുമകള്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ താമസിച്ചിരുന്ന ശിവന്‍കുട്ടി (65) ആണു കൊല്ലപ്പെട്ടത്. രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. സംഭവത്തില്‍ 13കാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍ പിടിയിലായി.
|
കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ തുണി മുറുക്കിയ പാടുണ്ടായിരുന്നു. കഴുത്തുഞെരിച്ചു കൊന്നതായാണു മനസ്സിലായതെന്നും ഒന്നിലധികംപേര്‍ കൃത്യത്തില്‍ പങ്കെടുത്തതായാണു സൂചനയെന്നും പോലീസ് പറഞ്ഞിരുന്നു.
സംശയം കൊച്ചുമകളിലേക്ക് എത്തിയത് എങ്ങിനെ
പ്രസവത്തിനായി ശിവന്‍കുട്ടിയുടെ മകള്‍ ശ്രീകലയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ സരസ്വതിയും വണ്ടാനത്തായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ വിദ്യാര്‍ഥിനിയായ ചെറുമകള്‍ അന്ന കവറാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലുമായിരുന്നു.
ഞായറാഴ്ച വൈകീട്ട് കൊച്ചുമകള്‍ തിരക്കിയെത്തിയെങ്കിലും കാണാഞ്ഞതിനാല്‍ തിരിച്ചുപോയതായി അറിയിച്ചിരുന്നു. തിങ്കളാഴ്ച പരീക്ഷയുണ്ടെന്ന് പറഞ്ഞ് രാവിലെ ഇവിടെ എത്തിയിരുന്നു. കൊച്ചുമകളാണ് ആദ്യം മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. അടഞ്ഞുകിടന്ന വീട് അയല്‍വാസികളുടെ സഹായത്തോടെ തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പോലീസ് ചോദ്യം ചെയ്തത്.
പെണ്‍കുട്ടി മൂന്ന് കൂട്ടുകാര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സഹായികളായ മൂന്ന് പേര്‍ പെണ്‍കുട്ടിയോടൊപ്പം പഠിക്കുന്നവരോ കൂട്ടുകാരോ ആണെന്നാണ് വിവരം. ഇവരുടെ പ്രായമോ ആള്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ തുടങ്ങിയ വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
വീട്ടില്‍നിന്ന് ആറുപവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. വീട്ടിലെ തുണിയുപയോഗിച്ചാണ് ശിവന്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിരിക്കുന്നത്. വീടിനകത്ത് മുളകു പൊടി വിതറിയിരുന്നു. സംഭവം നടന്ന വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. മുന്‍ഭാഗത്ത് കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ആളുകളുടെ ശ്രദ്ധയെത്തില്ല.
കൊല്ലം സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് കരുവാറ്റയില്‍ താമസം തുടങ്ങിയത്. വാടകവീടിനു തൊട്ടടുത്ത് സ്ഥലംവാങ്ങി രണ്ടു പെണ്‍മക്കള്‍ക്കായി വീടു പണിയുന്നുണ്ട്. ഒരുവീടിന്റെ പണി ഏകദേശം പൂര്‍ത്തിയായി. രണ്ടാമത്തെ വീടിന്റെ പണി പുരോഗമിക്കുകയാണ്.
ശിവന്‍കുട്ടിക്ക് മൂന്നുമക്കളാണ്. മകന്‍ നേരത്തേ മരിച്ചു. മറ്റൊരു മകള്‍ ശശികല വിദേശത്താണ്. ഹരിപ്പാട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ശനിയാഴ്ചയാണ് ശിവന്‍കുട്ടിയെ പുറത്തുള്ളവര്‍ അവസാനമായി കാണുന്നത്. അന്ന് രാത്രിയിലോ അടുത്തദിവസമോ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റിയായിരുന്ന ശിവന്‍കുട്ടി അടുത്തകാലത്തായി ജോലിക്കു പോകുന്നില്ലായിരുന്നു.
Tags: Karuvatta News, Karuvatta Murder Case, Alappuzha Crime News, Haripad Police, Kerala Crime News, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




