09
Sep 2026
Wed
09 Sep 2026 Wed
Omar Abdullah and Farooq Abdullah at Srinagar international film festival news

ശ്രീനഗര്‍: ശ്രീനഗറില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയുടെയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയുടെയും സാന്നിധ്യത്തില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിനെച്ചൊല്ലി കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ രൂക്ഷമായ തര്‍ക്കം. സഖ്യകക്ഷികളുടെ മേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് തുറന്നടിച്ചപ്പോള്‍, കോണ്‍ഗ്രസിനെതിരെ ‘മുസ്ലിം ലീഗ്’ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ചടങ്ങില്‍ ആലപിച്ചതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ആദ്യം രംഗത്തെത്തിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കണമെന്ന 1937-ലെ കോണ്‍ഗ്രസ് തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സിനോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ബഹുസ്വരതയ്ക്കും പാരമ്പര്യത്തിനും പൂര്‍ണ്ണരൂപം അനുയോജ്യമല്ലെന്നും, മഹാത്മാഗാന്ധിയും നെഹ്റുവും ടാഗോറിന്റെ നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനമാണ് ശരിയെന്നും അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.

ALSO READ: നാലു വര്‍ഷം മുമ്പ് സ്വന്തം മരണവാര്‍ത്ത പത്രത്തില്‍ നല്‍കി മുങ്ങി; പ്രതിയെ തേടി പോലീസ്

എന്നാല്‍, ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രതികരിച്ചത്. ‘സഖ്യകക്ഷിയാണെന്ന് കരുതി എന്താണ് പാടേണ്ടതെന്നും എവിടെ വരെ പാടണമെന്നും തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. ജനങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല,’ എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ബഷീര്‍ അഹമ്മദ് വ്യക്തമാക്കി. അതേസമയം, ആര്‍എസ്എസിന്റെ അജണ്ടയ്ക്ക് വഴങ്ങരുതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിംഗ് നാഷനല്‍ കോണ്‍ഫറന്‍സിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ആക്രമണവുമായി ബിജെപി രംഗത്തെത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ‘പുതിയ മുസ്ലിം ലീഗ്’ ആയി കോണ്‍ഗ്രസ് മാറിയെന്ന് ബിജെപി വക്താവ് സുധാന്‍ഷു ത്രിപാഠി ആരോപിച്ചു. താഴ്വരയിലെ വിഘടനവാദികള്‍ പോലും എതിര്‍ക്കാത്ത കാര്യത്തിലാണ് കോണ്‍ഗ്രസ് വിവാദമുണ്ടാക്കുന്നതെന്ന് ബിജെപി നേതാവ് ആര്‍.എസ്. പത്താനിയ വിമര്‍ശിച്ചു.

കഴിഞ്ഞ മാസമാണ് പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ചടങ്ങുകളിലും സ്‌കൂളുകളിലും വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Tags: Vande Mataram, Omar Abdullah, Farooq Abdullah, Congress, National Conference, KC Venugopal, BJP, Jammu Kashmir News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക