തിരുവനന്തപുരം: പ്രമുഖ നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് അന്തരിച്ചു. കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തി ‘സൂര്യ’ കലാ കൂട്ടായ്മയുടെ അമരക്കാരനായിരുന്നു.
|
1951 ഏപ്രിൽ 11ന് കോട്ടയം ജില്ലയിൽ ജനിച്ച സൂര്യ കൃഷ്ണമൂർത്തി തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിലായിരുന്നു പഠനം. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കലയും നാടകവും ജീവിതത്തിന്റെ പ്രധാന മേഖലയാക്കി മാറ്റുകയായിരുന്നു.
1977-ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. തുടർന്ന് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകം, സംഗീതം, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങൾക്ക് വേദിയൊരുക്കി. വെളിച്ചവും ശബ്ദവും ഉൾപ്പെടെയുള്ള സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് വേദി അവതരണങ്ങളിൽ നിരവധി പരീക്ഷണങ്ങളും നടത്തി.
‘ചായക്കടക്കഥകൾ’, ‘എന്റെ രക്ഷകൻ’, ‘മേൽവിലാസം’ തുടങ്ങിയവയാണ് ശ്രദ്ധേയമായ സൃഷ്ടികൾ. ‘മേൽവിലാസം’ പിന്നീട് സിനിമയായും ശ്രദ്ധ നേടി.കലാരംഗത്തെ സംഭാവനകൾക്ക് 1996-ൽ രാഷ്ട്രപതിയുടെ നാഷണൽ അവാർഡ് ഫോർ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന തലങ്ങളിലെ വിവിധ ചലച്ചിത്ര, സാംസ്‌കാരിക സമിതികളിലും അദ്ദേഹം അംഗമായിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023-ൽ കേരള സർക്കാർ നൽകുന്ന കേരള പ്രഭ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





