ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി 2027 വർഷത്തെ ക്യാമ്പയിൻ ഒക്ടോബർ 15 ന് ആരംഭിക്കും. മരണാനന്തര ആനുകൂല്യത്തിനും ചികിത്സാ സഹായത്തിനും പുറമെ പദ്ധതി ഭാഗമാകുന്ന അംഗങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ ജിദ്ദ കെ.എം.സി.സി നാട്ടിൽ സ്ഥാപിക്കുന്ന പ്രവാസി മെഡിക്കൽ സെന്ററുകളിൽ സൗജന്യ നിരക്കിൽ മെഡിക്കൽ ചെക്കപ്പിന് അവസരം നൽകുന്നതാണ്.
|
പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് നൽകും. പി എച് ഡി, സി എ , എം ബി ബി എസ്, ബി ടെക്, എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് സ്കോളർഷിപ്പ് നൽകും.
ഇതിന് പുറമെ ദലിത് വിദ്യാർത്ഥികൾക്ക് ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ ഇതേ കോഴ്സുകൾക്ക് ജിദ്ദ കെ.എം.സി.സി സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് മികച്ച സംഭാവന നൽകിയവർക്ക് മുൻ നിയമസഭ സ്പീക്കറും നവോത്ഥാന നായകനുമായ കെ എം സീതി സാഹിബിന്റെ നാമത്തിൽ നാട്ടിൽ വെച്ച് അവാർഡ് നൽകാനും, പ്രവാസ ലോകത്ത് സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്ത് മികച്ച സംഭാവന നൽകിയവരെ കണ്ടെത്തി ബാഫഖി തങ്ങൾ സ്മാരക പുരസ്കാരം നൽകാനും ജിദ്ദാ കെ എം സി സി ഒരുങ്ങുകയാണ്.
സുരക്ഷ പദ്ധതി അംഗങ്ങളിൽപ്പെട്ട മുന്നൂറിൽ ഏറെ പേർക്ക് നിലവിൽ മാസാന്ത പ്രവാസി പെൻഷൻ നൽകി വരുന്നുണ്ട്.
രണ്ടു കോടിയോളം രൂപയുടെ സഹായം അടുത്ത മാസം നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി പി മുസ്തഫ, ട്രഷറർ അബ്ദുറഹ്മാൻ എന്നിവർ ജിദ്ദയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





