സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനികൾ അറിയിച്ചു. സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യവും എയർലൈനുകൾ നൽകുന്നുണ്ട്.
|
പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, എണ്ണവിതരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണ ഭീഷണി ഉയർത്തിയിട്ടുണ്ട്. സൗദി വ്യോമപാതയിലൂടെ സർവീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പുമായി ഹൂതികൾ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സർവീസിന്റെ സ്ഥിതിവിവരം പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു. റിയാദ് നഗരത്തിൽ ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെയായിരുന്നു നിർദേശം.
റിയാദിലെയും അബ്ഹയിലെയും വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ മരിച്ചതായി സൗദി അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. സൗദിയും സഖ്യകക്ഷികളായ യെമൻ സേനകളും ഹൂതികൾക്കെതിരെ വലിയ തോതിലുള്ള കര-വ്യോമ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ മരണങ്ങളാണിതെന്നും അധികൃതർ അറിയിച്ചു.
ALSO READ: ഒക്ടോബർ 16ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് സിപിഐഎം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



