കബീർ കൊണ്ടോട്ടി
ജിദ്ദ: ‘മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗദി ദേശീയ ക്യാമ്പയിന് ഇന്ന് ജിദ്ദയിൽ തുടക്കമാകും. ഒക്ടോബർ 9 മുതൽ ഡിസംബർ 9 വരെ നടക്കുന്ന ദ്വൈമാസ കാംപയ്നിന്റെ ഉദ്ഘാടനം ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.
|
ഷൂക്കൂർ സ്വലാഹി (ഐ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി), അബ്ദുൽ ജലീൽ മാമാങ്കര (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്), ജംഷീർ ഇരിവേറ്റി (എം.എസ്.എം സംസ്ഥാന ജന. സെക്രട്ടറി), അബ്ബാസ് ചെമ്പൻ (സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്) മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് (ജന. സെക്രട്ടറി, ജിദ്ദാ ഇന്ത്യൻ ഇസ്ലാഹി സെന്റർ), ശിഹാബ് സലഫി (വൈസ് പ്രസിഡണ്ട്) എന്നിവർ പങ്കെടുക്കും. വി.പി. മുഹമ്മദ് അലി (ചെയർമാൻ ജിദ്ദാ നാഷണൽ ഹോസ്പിറ്റൽ), മുഹമ്മദ് ആലുങ്ങല്‍ (പ്രസിഡന്റ് , അബീർ മെഡിക്കൽ ഗ്രൂപ്പ്) എന്നിവര്‍ മുഖ്യ അഥിതികളായിരിക്കും.
മുമ്പൊന്നുമില്ലാത്തവിധം ചരിത്രവസ്തുതകളെ തമസ്കരിച്ച് മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ മാനവിക പാഠങ്ങളെയും ആക്ഷേപിക്കുന്ന പുതിയകാല പ്രവണത സാർവ്വത്രികമാകുകയാണ്. അന്ധമായ മതവിരോധവും ദൈവനിഷേധവും, മത വിമർശനങ്ങൾ എന്നതിനപ്പുറത്ത് പ്രവാചകാധിക്ഷേപങ്ങളിലേക്ക് മാറിയിട്ടുണ്ട്.
മുഹമ്മദ് നബി ചരിത്രപുരുഷനാണ്. അദ്ദേഹത്തിന്റെ ജീവിതം സുതാര്യമാണ്. അദ്ദേഹം പഠിപ്പിച്ച മാനവിക മൂല്യങ്ങളും നീതിയും കാരുണ്യവും സഹവർത്തിത്വവും ജനങ്ങൾക്ക് പ്രാമാണികമായി പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ കേരളത്തിൽ ഐ.എസ്.എം ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗദിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു.
പാരമ്പര്യത്തിന്റെ പേരിലോ ആധുനികതയുടെ പേരിലോ പ്രവാചക സന്ദേശത്തെ വികലമാക്കാതെ ഖുർആനും പ്രവാചകചര്യയും മുന്നോട്ടുവെക്കുന്ന മാനവികതയും നീതിയും അടിസ്ഥാനമാക്കിയാണ് മതപരമായ ഓരോ വിഷയങ്ങളിലും നിലപാടുകൾ സ്വീകരിക്കേണ്ടത്. അതിനു വിരുദ്ധമായ ആശയങ്ങളെ ഇസ്ലാമെന്ന നിലയ്ക്ക് പരിചയപ്പെടുത്തുന്നതിനെ കരുതിയിരിക്കാനുള്ള ബോധവത്കരണം പ്രബോധക സംഘമെന്ന നിലയ്ക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്.
സമൂഹത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍, നവനാസ്തികത, ലിബറല്‍ സൂഫിസം, വിശ്വാസ ജീര്‍ണ്ണതകള്‍, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയ സാമൂഹിക തിന്മകള്ക്കെതിരെയുള്ള ധാര്‍മ്മിക സന്ദേശങ്ങളുടെ പ്രബോധനവും അതിന്റെ ഭാഗമാണ്.
മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത കൂടിവരുന്നുണ്ട്. പ്രവാചകനെതിരിലുളള വ്യക്തിഹത്യകളുടെ മുന്‍നിരയിലുള്ളത് ലിബറലിസ്റ്റുകളും എക്സ് മുസ്ലിംകളുമാണ്. ചരിത്ര വസ്തുതകളെയും പ്രമാണങ്ങളെയും ആധാരമാക്കിയാല്‍ മനുഷ്യകുലത്തിന് മാനവ മൂല്യങ്ങളുടെ കലവറ സമ്മാനിച്ച മഹാ ഗുരുവാണ് മുഹമ്മദ് നബി എന്ന് മനസ്സിലാക്കാനാകും.
ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്ന മതമാണെന്ന ആരോപണവും വസ്തുതകൾക്ക് നിരക്കാത്തതാണ്. സ്ത്രീയുടെ മാന്യതയും അവകാശങ്ങളും സംരക്ഷിക്കുകയും കുടുംബത്തിലും സമൂഹത്തിലും അവൾക്ക് വ്യക്തമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നൽകുകയും ചെയ്ത പ്രവാചക മാതൃകയാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. സ്ത്രീകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ പ്രവാചകന്റെ യഥാർത്ഥ ജീവിതം പഠിക്കുകയാണ് വേണ്ടത്.
തയ്സീര്‍ ഡിസ്ട്രിക്ട് ജനൂബ് ജിദ്ദ ജാലിയാത്ത് ഡയറക്ടര്‍ ശൈഖ് അബൂ അബ്ദുല്ലാഹ് സഈദ് അല്‍ അഹ്മദ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വി.പി. മുസ്തഫ, ഹക്കീം പാറക്കല്‍, ഷിബു തിരുവനന്തപുരം,പി.പി.എ. റഹീം, സി.എച്ച്. ബഷീര്‍, സകീര്‍ മാസ്റ്റര്‍ എടവണ്ണ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖരും കാംപയിന്റെ ഉത്ഘാടന ചടങ്ങിൽ സംബന്ധിക്കും.
മുഹമ്മദ് റസാഖ്, ഷാജഹാന് (റഹീലി ക്ലിനിക്), പടിഞ്ഞാറന്‍ മേഖലാ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ നേതാക്കന്മാര് തുടങ്ങിയവര്‍ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. സൗഹൃദവും സഹവർത്തിത്വവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്ന പ്രവാചക സന്ദേശം പ്രവാസീ സമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കുകയാണ് കാംപയ്നിന്റെ പ്രധാന ലക്ഷ്യമെന്ന് സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ദമ്മാം, റിയാദ് മേഖലാ പൊതുസമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, ചര്‍ച്ചകള്‍, പ്രൊഫഷണല്‍ മീറ്റുകള്‍, എക്സിബിഷന്, വനിതാ സമ്മേളനങ്ങള്‍, യൂത്ത് സംഗമങ്ങള്‍ തുടങ്ങിയവ തുടങ്ങി പരിപാടികൾ ക്യാമ്പയിൻന്റെ ഭാഗമായി സംഘടിപ്പിക്കും.
ഷുക്കൂര്‍ സ്വലാഹി, അബ്ദുല്‍ ജലീല്‍ മാമാങ്കര, ജംഷീര്‍ ഇരിവേറ്റി, അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, നൂരിഷ വള്ളിക്കുന്ന് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





