10
Oct 2026
Sat
10 Oct 2026 Sat

ചെന്നൈ: ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ചെന്നൈയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയും തമ്മിൽ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം കാപ്പിയും ടിറാമിസുവും പങ്കിട്ടുള്ള ഇരുവരുടെയും സൗഹൃദനിമിഷങ്ങളും ശ്രദ്ധേയമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വിജയുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ഇരുവരും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. തുടർന്ന് സമീപത്തെ കഫേയിലെത്തിയ നേതാക്കൾ കാപ്പിയും ടിറാമിസുവും കുക്കീസും ഓർഡർ ചെയ്തു. ഇരുവരെയും കാണാൻ തടിച്ചുകൂടിയവരുമായി സംസാരിക്കുകയും ചിലർക്ക് സെൽഫിയെടുക്കാൻ അവസരം നൽകുകയും ചെയ്തു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയിൽനിന്ന് കോൺഗ്രസ് അകന്നിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുൽ–വിജയ് കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

വിദ്യാർഥികളുമായി സംവദിക്കുന്ന കോൺഗ്രസിന്റെ ‘ഛാത്രോൻ കി ഗൂഞ്ച്’ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയത്. ശനിയാഴ്ച വൈകിട്ട് ഐലൻഡ് ഗ്രൗണ്ട്സിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം വെബ്സൈറ്റിലൂടെയും ക്യുആർ കോഡുകളിലൂടെയും ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകർ അറിയിച്ചത്.

ALSO READ: മെറാൾഡ ജുവൽസിന്റെ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചി എം.ജി. റോഡിൽ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക