സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച യുവാവ് 20 ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി. കൊലപാതകത്തിന് പിന്നാലെ തുടർച്ചയായി പേടിസ്വപ്നങ്ങൾ കണ്ടതോടെ ഉറക്കം നഷ്ടപ്പെട്ട യുവാവ് ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലാണ് സംഭവം.
|
ഒക്ടോബർ ഒൻപതിന് മോത്തഗാവ് പ്രദേശത്താണ് കൊലപാതകം നടന്നത്. അടുത്ത സുഹൃത്തുക്കളായ വിശാൽ കദമും പ്രഭു കാരകഡെയും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ചെറിയ തർക്കമുണ്ടായി. തർക്കത്തിനിടെ പ്രഭു വിശാലിനെ ക്രൂരമായി മർദിച്ചു. ചവിട്ടും ഇടിയുമേറ്റ് വിശാൽ കൊല്ലപ്പെടുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ പരിഭ്രാന്തനായ പ്രഭു വീട്ടുടമ സന്ദേശ് മാത്രെയുടെ സഹായം തേടി. ഇരുവരും ചേർന്ന് മൃതദേഹം ചാക്കിലാക്കി രാത്രിയിൽ കായലിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. കൊലപാതകത്തിനുശേഷം നഗരം വിട്ടുപോകാനും പ്രഭു പദ്ധതിയിട്ടിരുന്നതായാണ് വിവരം.
എന്നാൽ തുടർന്നുള്ള 20 രാത്രികളിലും കൊല്ലപ്പെട്ട സുഹൃത്ത് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രഭുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. പേടിസ്വപ്നങ്ങളും കുറ്റബോധവും വേട്ടയാടിയതോടെ മാനസികമായി തളർന്ന ഇയാൾ ഒടുവിൽ താനെ പൊലീസിനെ സമീപിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് പ്രഭുവിനെയും മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച വീട്ടുടമ സന്ദേശ് മാത്രെയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കല്യാൺ കോടതിയിൽ ഹാജരാക്കിയ കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിലേക്ക് നയിച്ച കാരണം, സംഭവത്തിൽ വീട്ടുടമയുടെ പങ്ക് എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
ALSO READ:മത്സരത്തിനിടെ ഗോൾകീപ്പറുമായുള്ള കൂട്ടിയിടിച്ച് സ്പാനിഷ് ഫുട്ബോൾ താരം മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





