വാരണാസി: തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വാരണാസിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്താൻ ഇനി റോപ്പ്‌വേ സൗകര്യം. ഇന്ത്യയിലെ ആദ്യ പൊതുഗതാഗത റോപ്പ്‌വേ പദ്ധതിക്ക് വാരണാസിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കാന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗോദൗലിയ ചൗക്കിലേക്കാണ് റോപ്പ്‌വേ സർവീസ് ആരംഭിക്കുന്നത്. നിലവിൽ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വരെ വേണ്ടിവരുന്ന യാത്ര റോപ്പ്‌വേയിലൂടെ 15 മുതൽ 16 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും.
|
പദ്ധതി ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി ഒരു കണ്ടന്റ് ക്രിയേറ്റർ റോപ്പ്‌വേയിൽ യാത്ര നടത്തിയതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും വാരണാസിയിലെ ഘാട്ടുകളുടെയും മാതൃകയിൽ രൂപകൽപ്പന ചെയ്ത കേബിൾ കാറുകളാണ് പദ്ധതിയുടെ പ്രത്യേകത. ഒരേസമയം നിരവധി യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാനാകും.
തിരക്കേറിയ റോഡുകൾക്കും റെയിൽവേ സ്റ്റേഷനും ജനവാസ മേഖലകൾക്കും മുകളിലൂടെ കടന്നുപോകുന്ന റോപ്പ്‌വേയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 645 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് 4.2 കിലോമീറ്ററാണ് ദൈർഘ്യം. ആകെ 220 കേബിൾ കാറുകളുണ്ടാകും. ഓരോ കാറിലും പരമാവധി പത്തുപേർക്ക് യാത്ര ചെയ്യാം.
വാരണാസി കാന്റ്, കാശി വിദ്യാപീഠ്, രഥയാത്ര, ഗിർജാഘർ, ഗോദൗലിയ ചൗക്ക് എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. സ്വിസ് കമ്പനിയായ ബാർത്തോലെറ്റ് മഷിനൻബൗ എജിയും ഇന്ത്യൻ കമ്പനിയായ വിശ്വ സമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രവർത്തനസജ്ജമാകുന്നതോടെ വാരണാസിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്കും നഗരവാസികൾക്കും യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
ALSO READ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





