അപൂർവ ധാതുക്കളുടെ കയറ്റുമതിയിലെ ആധിപത്യം സമ്മർദതന്ത്രമായി ഉപയോഗിച്ച ചൈന, നിർമാണ യന്ത്രങ്ങളുടെ മേഖലയിലും സമാന നീക്കത്തിന് ഒരുങ്ങുന്നു. തുരങ്കങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ടണൽ ബോറിങ് മെഷീനുകൾ ഉൾപ്പെടെയുള്ള നിർമാണ ഉപകരണങ്ങളുടെ കയറ്റുമതിക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ബെയ്ജിങ്ങിന്റെ തീരുമാനം. ചൈനീസ് യന്ത്രങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും ഇത് ബാധിച്ചേക്കും.
|
സബ്‌വേകൾ നിർമിക്കാനും മലനിരകൾ തുരന്ന് റോഡുകളും റെയിൽവേ പാതകളും ഒരുക്കാനും ഉപയോഗിക്കുന്ന ടണൽ ബോറിങ് മെഷീനുകൾ ലോകത്തിലെ ഏറ്റവും വലുതും സങ്കീർണവുമായ വ്യാവസായിക ഉപകരണങ്ങളിൽപ്പെടുന്നു. ഈ മേഖലയിൽ ആഗോള വിപണിയുടെ ഏകദേശം 70 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ടണൽ നിർമാണ യന്ത്രങ്ങൾക്ക് പുറമെ ഉയർന്ന പ്രദേശങ്ങളിൽ കോൺക്രീറ്റ് സ്പ്രേ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും നിയന്ത്രണം ബാധകമാകും. സിവിലിയൻ ആവശ്യങ്ങൾക്കൊപ്പം സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഇരട്ട ഉപയോഗ സാധ്യതയാണ് നിയന്ത്രണങ്ങൾക്ക് ചൈന ചൂണ്ടിക്കാട്ടുന്നത്. ചൈനയുമായി തർക്കമുള്ള രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്നും ബെയ്ജിങ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ പരാമർശം ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാകാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഹിമാലയൻ അതിർത്തിയിൽ സംഘർഷാവസ്ഥ ഇടയ്ക്കിടെ ശക്തമാകാറുണ്ട്. അതിർത്തി മേഖലയിൽ സൈനിക നീക്കം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ റോഡുകളും റെയിൽവേ പാതകളും തുരങ്കങ്ങളും നിർമിക്കുന്നുണ്ട്. ഇതിനായി വലിയ തോതിൽ ടണൽ ബോറിങ് യന്ത്രങ്ങൾ ആവശ്യമാണ്.
2024ലും ചൈന ടണൽ നിർമാണ യന്ത്രങ്ങളുടെ കയറ്റുമതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. ജർമൻ കമ്പനിയായ ഹെറൻക്നെക്റ്റ് എ.ജിക്ക് ചൈനയിൽ നിർമിച്ച ചില യന്ത്രങ്ങൾ ഇന്ത്യയിലേക്ക് വിൽക്കാനുള്ള നീക്കത്തിൽ കാലതാമസം നേരിട്ടിരുന്നു. അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ, ഡൽഹി മെട്രോ തുടങ്ങിയ പദ്ധതികൾക്കായാണ് യന്ത്രങ്ങൾ പരിഗണിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ വിലയിരുത്തിവരികയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
പുതിയ നിയന്ത്രണങ്ങൾ നിലവിൽ ഉപയോഗത്തിലുള്ള യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളെയും ബാധിക്കാമെന്നാണ് ആശങ്ക. യന്ത്രങ്ങളുടെ ഭാഗങ്ങൾക്കും നിയന്ത്രണം ബാധകമാകുന്നതിനാൽ തകരാറിലാകുന്ന ഘടകങ്ങൾ മാറ്റിസ്ഥാപിക്കാൻ ആവശ്യമായ വിതരണം തടസ്സപ്പെടാം. ഇതുവഴി പുതിയ യന്ത്രങ്ങൾ വാങ്ങുന്നതിനു പുറമെ നിലവിലുള്ള പദ്ധതികളുടെയും പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
അമേരിക്കയിലും ജപ്പാനിലും ചൈനീസ് യന്ത്രങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികളുണ്ട്. എന്നാൽ ചുരുങ്ങിയ കാലയളവിൽ ചൈനീസ് വിതരണക്കാരിൽനിന്ന് പൂർണമായി മാറുക ഉപഭോക്താക്കൾക്ക് എളുപ്പമല്ല. ഇന്ത്യയിൽത്തന്നെ ഇത്തരം യന്ത്രങ്ങൾ നിർമിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതും വെല്ലുവിളിയാണ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തുരങ്ക നിർമാണത്തിനായി 960 കോടി ഡോളർ വരെ നിക്ഷേപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ടണൽ ബോറിങ് മെഷീനുകൾ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യൻ കമ്പനികളോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണ ഉപകരണങ്ങളുടെ ഉൽപ്പാദനത്തിനായി 120 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിയും കേന്ദ്രസർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ലാർസൻ ആൻഡ് ടൂബ്രോ ടണൽ ബോറിങ് മെഷീന്റെ മാതൃക വികസിപ്പിച്ചുവരികയാണെന്ന് കമ്പനി പ്രസിഡന്റ് ആർ. ശങ്കർ രാമൻ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ സ്വന്തമായി യന്ത്രങ്ങൾ നിർമിക്കാനും മറ്റുള്ളവർക്ക് വിൽക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ വൻതോതിൽ കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കുന്ന ചൈനീസ് കമ്പനികളുമായി വിലയുടെ കാര്യത്തിൽ മത്സരിക്കുക ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





