ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2026-ന്റെ ഭാഗമായി ഫിക്റ് ഹാളിൽ സംഘടിപ്പിച്ച ‘സംക്ഷിപ്ത ഗ്രന്ഥങ്ങളെയും ബൃഹദ് ഗ്രന്ഥങ്ങളെയും എങ്ങനെ സമീപിക്കാം (വായനയുടെ രീതിശാസ്ത്രം)’ എന്ന സെഷൻ നടന്നു. ഹയർ കോളേജസ് ഓഫ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. ഹമദ് അൽ മുതൈരിയും നിയമവിദഗ്ധൻ ഉമർ അൽ മൻസൂരിയും ചർച്ചയിൽ പങ്കെടുത്തു. ശാസ്ത്രീയവും വൈജ്ഞാനികവുമായ ഗ്രന്ഥങ്ങൾ വായിക്കേണ്ട രീതി, വായനയിൽ സംഭവിക്കുന്ന സാധാരണ പിഴവുകൾ, പുതിയ തലമുറയിൽ അറിവിനോടുള്ള താൽപര്യം വളർത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും വിശദീകരിച്ചു.
|
ഒരു വിഷയത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അടിസ്ഥാന ആശയങ്ങളും രൂപപ്പെടുത്താൻ സംക്ഷിപ്ത ഗ്രന്ഥങ്ങൾ സഹായിക്കുമെന്ന് ഡോ. ഹമദ് അൽ മുതൈരി പറഞ്ഞു. എന്നാൽ വിഷയത്തിന്റെ വിശദാംശങ്ങൾ, പശ്ചാത്തലം, വ്യത്യസ്ത വിവരണങ്ങൾ, സ്രോതസ്സുകൾ തമ്മിലുള്ള താരതമ്യം എന്നിവ മനസ്സിലാക്കാൻ ബൃഹദ് ഗ്രന്ഥങ്ങൾ വായിക്കേണ്ടതുണ്ട്. ഇബ്നു ഖൽദൂന്റെ സാമൂഹിക മാറ്റങ്ങളെയും മനുഷ്യസമൂഹത്തിന്റെ വികാസത്തെയും കുറിച്ചുള്ള രചനകളും അൽ ത്വബരിയുടെ ‘താരീഖ് അൽ റുസുൽ വൽ മുലൂക്’ എന്ന ചരിത്രഗ്രന്ഥവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഒരു സംഭവം നടന്നുവെന്ന് അറിഞ്ഞതുകൊണ്ടുമാത്രം അതിനെക്കുറിച്ചുള്ള അറിവ് പൂർണമാകില്ല. അതിന്റെ കാരണങ്ങൾ, പശ്ചാത്തലം, വ്യത്യസ്ത സ്രോതസ്സുകളിലുള്ള വിവരണങ്ങൾ എന്നിവയും പരിശോധിക്കണം. ചെറിയ വീഡിയോകളും അതിവേഗ സംഗ്രഹങ്ങളും പ്രചാരത്തിലായതോടെ പലരും ചുരുങ്ങിയ വിവരങ്ങളിൽ തൃപ്തിപ്പെടുന്ന സാഹചര്യമുണ്ടെന്നും എന്നാൽ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടാൻ ആഗ്രഹിക്കുന്നവർ യഥാർഥ സ്രോതസ്സുകളിലേക്ക് കടക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായന പരിശീലനത്തിലൂടെയും നിരന്തരമായ അഭ്യാസത്തിലൂടെയും വളർത്തിയെടുക്കേണ്ട കഴിവാണെന്ന് ഉമർ അൽ മൻസൂരി അഭിപ്രായപ്പെട്ടു. വലിയ ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള കഴിവ് ശാരീരികക്ഷമത പോലെ ക്രമേണ വികസിക്കുന്നതാണ്. അടിസ്ഥാന പദങ്ങളും ആശയങ്ങളും മനസ്സിലാക്കാതെ നേരിട്ട് സങ്കീർണമായ പഠനഗ്രന്ഥങ്ങളിലേക്ക് കടക്കുന്നത് പ്രയോജനകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമമേഖലയിലെ വിഖ്യാത പണ്ഡിതൻ അബ്ദുർറസാഖ് അൽ സൻഹൂരിയുടെ ബൃഹദ് നിയമഗ്രന്ഥങ്ങളും അദ്ദേഹം ഉദാഹരണമായി പരാമർശിച്ചു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





