17
Nov 2026
Tue
17 Nov 2026 Tue
US Army Whistleblower Stephen Ramsbottom Port Shuaiba Kuwait Iranian Drone Attack

വാഷിംഗ്ടണ്‍: ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി കുവൈറ്റിലെ യുഎസ് സൈനിക താവളത്തിലുണ്ടായ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെന്റഗണിനെയും ഉന്നത സൈനിക നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ പരിക്കേറ്റ് രക്ഷപ്പെട്ട യുഎസ് ആര്‍മി റിസര്‍വ് 103-ാമത് സസ്റ്റെയ്ന്‍മെന്റ് കമാന്‍ഡ് ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷന്‍സ് മേജര്‍ സ്റ്റീഫന്‍ റാംസ്‌ബോട്ടമാണ് യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും ആംഡ് സര്‍വീസസ് കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026 മാര്‍ച്ച് 1-ന് കുവൈറ്റിലെ പോര്‍ട്ട് ഷുവൈബ കമാന്‍ഡ് പോസ്റ്റിലുണ്ടായ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ആറ് സൈനികരുടെ മരണത്തിനും ഡസന്‍ കണക്കിന് സൈനികര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതെന്ന് റാംസ്‌ബോട്ടം സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

‘ഡോക്ടറില്ല, ചികിത്സാ കേന്ദ്രമില്ല, ഉള്ളത് ഒരൊറ്റ ആംബുലന്‍സ് മാത്രം’

സൈനിക നേതൃത്വത്തിന്റെയും സ്വന്തം തലത്തിലുള്ളവരുടെയും തന്ത്രപരമായ പരാജയമാണ് കുവൈറ്റില്‍ സംഭവിച്ചതെന്ന് മേജര്‍ റാംസ്‌ബോട്ടം തുറന്നടിച്ചു: കാര്‍ ബോംബുകള്‍ പോലുള്ള ഭീഷണികള്‍ തടയാനുള്ള സംവിധാനങ്ങള്‍ മാത്രമാണ് പോര്‍ട്ട് ഷുവൈബയിലുണ്ടായിരുന്നത്. ഡ്രോണുകളെയോ മറ്റ് ആകാശ ആക്രമണങ്ങളെയോ പ്രതിരോധിക്കാന്‍ യാതൊരു സംവിധാനവും അവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചികിത്സാ സൗകര്യങ്ങളുടെ അഭാവം: താവളത്തില്‍ ഒരു ഡോക്ടറോ സ്ഥിരമായ പ്രഥമശുശ്രൂഷാ കേന്ദ്രമോ ഉണ്ടായിരുന്നില്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഒരൊറ്റ ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആശങ്കകള്‍ തള്ളിക്കളഞ്ഞു: യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ലോജിസ്റ്റിക്‌സ് ചുമതലയുള്ള മേജര്‍ ജനറല്‍ ജോണ്‍ ഹിന്‍സണോടും യൂണിറ്റ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ക്ലിന്റ് ബാര്‍ണ്‍സിനോടും താന്‍ രണ്ട് തവണ യോഗങ്ങളില്‍ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെന്ന് റാംസ്‌ബോട്ടം പറയുന്നു.

‘സുരക്ഷയെക്കുറിച്ച് നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല’ എന്നായിരുന്നു ഹിന്‍സന്റെ മറുപടിയെന്നാണ് ആരോപണം. ഡ്രോണ്‍ പ്രതിരോധ സംവിധാനം എത്തിക്കാമെന്ന് പെന്റഗണ്‍ പറഞ്ഞിരുന്നെങ്കിലും അത് ഒരിക്കലും താവളത്തില്‍ എത്തിയില്ല. 2021-ന് ശേഷം യുഎസ് സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു മാര്‍ച്ച് 1-ലേത്. ക്യാപ്റ്റന്‍ കോഡി ഖോര്‍ക്ക് (35), സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടിയറ്റ്‌ജെന്‍സ് (42), സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ അമോര്‍ (39), സര്‍ജന്റ് ഡെക്ലാന്‍ കോഡി (20), മേജര്‍ ജെഫ്രി ഒബ്രിയാന്‍ (45), ചീഫ് വാറന്റ് ഓഫീസര്‍ റോബര്‍ട്ട് മാര്‍സന്‍ (54) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ സെനറ്റര്‍; വിശദീകരണം തേടി

ആക്രമണം നടന്നതിന് തൊട്ടടുത്ത ദിവസം, പോര്‍ട്ട് ഷുവൈബയിലെ താവളം കൃത്യമായി സുരക്ഷിതമാക്കിയിരുന്നുവെന്നും ശക്തമായ ആയുധമായതിനാലാണ് ഡ്രോണ്‍ ഉള്ളില്‍ കടന്നതെന്നുമായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ റാംസ്‌ബോട്ടത്തിന്റെ പരാതി പുറത്തുവന്നതോടെ ഡെമോക്രാറ്റിക് സെനറ്ററും സെനറ്റ് പെര്‍മനന്റ് സബ്കമ്മിറ്റി ഓണ്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അംഗവുമായ റിച്ചാര്‍ഡ് ബ്ലൂമെന്തല്‍ നവംബര്‍ 15-ന് പീറ്റ് ഹെഗ്‌സെത്തിന് കത്തയച്ചു.

‘ജീവന്‍ നഷ്ടപ്പെട്ട ആറ് സൈനികരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും, അമേരിക്കന്‍ ജനതയ്ക്കും സത്യം അറിയാനുള്ള അവകാശമുണ്ട്. പോര്‍ട്ട് ഷുവൈബയ്ക്ക് നല്‍കിയ സുരക്ഷാ സംവിധാനങ്ങളുടെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ പ്രതിരോധ സെക്രട്ടറി രഹസ്യ വിശദീകരണത്തിന് (Classified Briefing) ഹാജരാകണം,’ സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തല്‍.

അതേസമയം, മേജര്‍ റാംസ്‌ബോട്ടത്തിന്റെ പരാതിയോട് പ്രതികരിക്കാന്‍ പെന്റഗണ്‍ ഇതുവരെ തയ്യാറായിട്ടില്ല. അടുത്ത വര്‍ഷം കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടുന്നതോടെ ഇറാന്‍ യുദ്ധം കൈകാര്യം ചെയ്തതിലെ ഭരണകൂട വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags: US Army Whistleblower, Stephen Ramsbottom, Kuwait Drone Attack, Port Shuaiba Strike, Operation Epic Fury, Pete Hegseth, Richard Blumenthal, US Iran Conflict, World News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക