|
കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചുവന്ന കാർ വഴി തെറ്റി തോട്ടിലേക്ക് മറിഞ്ഞു. തിരുവല്ല കുമ്പനാട് സ്വദേശികളായ ഡോക്ടര്‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, സോണിയയുടെ സഹോദരൻ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി 11ഓടെ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു അപകടം.
എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുകയായിരുന്നു കുടുംബം. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടെ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. സോണിയയുടെ സഹോദരനാണ് കാറോടിച്ചിരുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും ചേർന്നാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.
കാർ തോട്ടിലേക്ക് പതിക്കുന്നതു കണ്ട് ആളുകൾ അലറിവിളിച്ചപ്പോഴാണ് മറ്റുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിറങ്ങിയത്. മഴ പെയ്ത് വെള്ളം കയറിയതിനാൽ റോഡും തോടും തിരിച്ചറിയാൻ സാധിച്ചില്ലെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നു.
കാർ പൂർണമായും വെള്ളത്തിൽ മുങ്ങാത്തതും ഡോർ പെട്ടന്ന് തുറക്കാൻ സാധിച്ചതും രക്ഷപ്രവർത്തനം എളുപ്പമാക്കിയെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വന്‍ ദുരന്തം ഒഴിവായത്.



