22
Aug 2022
Fri
22 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎസ്എഫ് സമ്മേളനത്തില്‍ എസ്ഡിപിഐയ്ക്കും ഫ്രറ്റേണിറ്റിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി ജന​ഗണമന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനയെയോ മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷാരിസ് വ്യക്തമാക്കി.

 

‘വേര് എന്ന എംഎസ്എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല, സര്‍ഗം, സംസ്‌കാരം’ എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും’- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.

 

ജനഗണമന’ റിലീസായ ശേഷം എസ്ഡിപിഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ തന്നെ പരിപാടികളിലേക്ക് വിളിച്ചെന്നായിരുന്നു ഷാരിസിന്റെ വാദം. എസ്ഡിപിഐ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ഫ്രറ്റേണിറ്റി നേതാക്കള്‍ ഇസ്ലാമോഫോബിയയെക്കുറിച്ചും സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു ഷാരിസ് പറഞ്ഞത്. രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ്, നിങ്ങളുടെ പേരിന്റെ അവസാനത്തെ മുഹമ്മദ് ആണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് പറഞ്ഞിരുന്നു. എന്നാൽ താൻ വരില്ലെന്ന് അവരോട് പറഞ്ഞതായും ഷാരിസ് പറഞ്ഞിരുന്നു.

 

എന്നാൽ എസ്ഡിപിഐക്ക് ഫിലിം ​ക്ലബ്ബ് ഇല്ലെന്നും ഒരു നേതാവും ഷാരിസിനെ വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി പാർട്ടി രം​ഗത്തെത്തിയിരുന്നു. എസ്ഡിപിഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാവണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ലെന്നും സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ വ്യക്തമാക്കിയിരുന്നു.

 

ഷാരിസിന്റെ പ്രസ്താവന തള്ളി ഫ്രറ്റേണിറ്റിയും രം​ഗത്തെത്തിയിരുന്നു. ‘നവ ജനാധിപത്യ ഭാവനകളും മലയാള സിനിമയും’ എന്ന ചർച്ച സംഗമത്തിന്‍റെ ഭാഗമായിട്ടാണ് താൻ ഷാരിസിനെ ഫോണിലൂടെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാൽ ‘ഇത്തരം’ പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാർത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില ‘ബ്രാൻഡുകളോട്’ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തെ മുൻനിർത്തി പരിപാടിയിൽ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചതെന്നും ഫ്രറ്റേണിറ്റി നേതാവ് ആദില്‍ അബ്ദുൽ റഹീം വ്യക്തമാക്കിയിരുന്നു.

 

ഇസ്‌ലാമോഫോബിയ ചർച്ചയ്ക്കാണ് തന്നെ ഫ്രറ്റേണിറ്റി ക്ഷണിച്ചതെന്ന പ്രയോഗം കൊണ്ട് ഷാരിസ് മുഹമ്മദ് ഉന്നം വയ്ക്കുന്നത് എന്തിനെയാണ്…? മലയാള സിനിമ മേഖലയിൽ അൾട്രാ സെക്കുലർ ഭാവുകത്വം ആഗ്രഹിക്കുന്ന വ്യക്തികളുടെ നിരയിലേക്ക് ചേർത്തുനിർത്തപ്പെടുകയില്ല എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ ഇത്തരം ചർച്ചകളിൽ നിന്ന് മാറ്റി നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷാരിസിന്റെ വാദങ്ങൾക്കെതിരെ സോഷ്യൽമീഡിയയിലും വിമർശനം ശക്തമായിരുന്നു.