സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി വ്യാജമാണെന്ന് പോലീസ് റിപോർട്ട്. ഇതുസംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുന്നതിന് പൊലീസ് ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപോർട്ട് നൽകി. പീഡനത്തിന് തെളിവില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
|
ദിലീപിന്റെ മുൻ മാനേജർക്കും ഓൺലൈൻ മീഡിയ പ്രവർത്തകർക്കെതിരേയും റിപോർട്ടിൽ പരാമർശമുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ദിലീപിനെയും സംഘത്തെയും പ്രതികൂട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിനെതിരേ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് കണ്ണൂർ സ്വദേശിനി പീഡന പരാതി നൽകിയത്.
2010ല്‍ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്തെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. അതേസമയം ഇതുസംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ ഓൺലൈൻ മീഡിയ റിപോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും കണ്ടെത്തിയതായി പൊലീസ് റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ പീഡനപരാതി വ്യക്തമായതോടെ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ റിപോർട്ട് സമർപ്പിക്കുകയായിരുന്നു.



