|
ന്യൂഡൽഹി: ‘സ്വയംഭോഗ ജിഹാദ്’ എന്ന പുതിയ ജിഹാദുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ. പ്രത്യുൽപ്പാദന ശേഷിയില്ലാതാക്കാൻ ഹിന്ദു യുവാക്കളെ മുസ്ലിം യുവാക്കൾ സ്വയംഭോഗം പഠിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രമുഖ ഓൺലൈൻ ടൂട്ടർ ലളിത് സർദാനയാണ് രംഗത്തുവന്നത്.
ഐ.ഐ.ടി- ജെ.ഇ.ഇ, സി.ഇ.ടി പോലുള്ള ഉന്നത പ്രവേശനപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള ക്ലാസ്സിനിടെയാണ് കടുത്ത മതവിദ്വേഷവും ഇസ്ലാമോഫോബിയയും വളർത്തുന്ന വിധത്തിലുള്ള പരാമർശം ഇയാൾ നടത്തിയത്. ലളിത് സർദാന തന്റെ ‘സർദാന ടൂട്ടോറിയൻസ്’ എന്ന യൂടൂബ് പേജിൽ അപ്ലോഡ് ചെയ്ത വിഡിയോയിലാണ് വിവാദഭാഗങ്ങളുള്ളത്.
ഭൗതിക ശാസ്ത്രം പഠിപ്പിക്കുന്ന ഭാഗത്താണ് ഇയാൾ സ്വയംഭോഗം എങ്ങിനെയാണ് ഹിന്ദു പുരുഷൻമാരുടെ പ്രത്യുൽപ്പാദന സേഷിയില്ലാതാക്കുന്നതെന്ന് പറയുന്നത്. മുസ്ലിം യുവാക്കൾ അശ്ലീല വീഡിയോകൾ കാണിച്ച് ഹിന്ദുയുവാക്കളെ സ്വയംഭോഗം ചെയ്യാൻ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണെന്നും അതുവഴി ഹിന്ദുക്കളുടെ പ്രത്യുൽപ്പാദനശേഷി കുറയ്ക്കുകയാണെന്നും ഇതൊരു പുതിയ ജിഹാദാണെന്നുമാണ് അദ്ദേഹം ഭൗതികശാസ്ത്ര ക്ലാസിനിടെ കുട്ടികളെ പഠിപ്പിക്കുന്നത്. സ്വയംഭോഗം പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമെന്ന് ഇതുവരെ ശാസ്ത്രം തെളിയിച്ചിട്ടില്ലെന്നിരിക്കെയാണ് അശാസ്ത്രീയത കാര്യങ്ങൾ പറഞ്ഞ് ലളിത് സർദാന മതവിദ്വേഷം പ്രചരിപ്പിക്കുന്നത്.
ഹിന്ദു സ്ത്രീകളെ നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ലൗ ജിഹാദ് നടത്തുന്നുവെന്ന് പറഞ്ഞ ശേഷമാണ് പുതിയ ജിഹാദിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. ലൗ ജിഹാദ് ഹിന്ദു സ്ത്രീകളെ നശിപ്പിക്കാനാണെങ്കിൽ സ്വയംഭോഗ ജിഹാദ് ഹിന്ദുപുരുഷൻമാരെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യം വച്ചാണെന്നും അടുത്ത അഞ്ചുപത്തുവർഷം കൊണ്ട് രാജ്യത്ത് ഹിന്ദു പുരുഷൻമാരുടെ പ്രത്യുൽപ്പാദനശേഷിയിൽ വൻ ഇടിവുണ്ടാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.



