|
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷസ്ഥാനത്ത് ഇനിയും തുടരാനാവില്ലെന്ന് സോണിയാഗാന്ധി അറിയിച്ചതോടെ ആ പദവിയില്‍ ഇനി ആരുവരുമെന്നത് സംബന്ധിച്ച ചര്‍ച്ചമുറുകുകയാണ്. അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ള വ്യക്തിയാവും ഇനി കോണ്‍ഗ്രസ് പ്രസിഡന്റാവുകയെന്ന് ഏറെക്കുറേ ഉറപ്പായി. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും നയതന്ത്രവിദഗ്ധനുമായ ഡോ. ശശി തരൂര്‍ നടത്തിയ അഭിപ്രായപ്രകടനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന സൂചന നല്‍കിയ ശശി തരൂര്‍, രാഹുല്‍ഗാന്ധി മത്സരരംഗത്തില്ലെങ്കില്‍ മറ്റു പേരുകള്‍ നിര്‍ദേശിക്കുമെന്നും അറിയിച്ചു. പാര്‍ട്ടിയില്‍ മറ്റ് മികച്ച സാധ്യതകളുണ്ടെന്നും തരൂര്‍ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ: ‘തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അനന്തരാവകാശികള്‍(രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും) മല്‍സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ടുവരും. ഞങ്ങള്‍ക്ക് മുന്നില്‍ മികച്ച നിരവധി സാധ്യതകളുണ്ട്”- തരൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായുള്ള സമവാക്യത്തെക്കുറിച്ചും തരൂര്‍ തുറന്ന് പറയുന്നു. താന്‍ ആരുമായും ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, അത്തരമൊരു ആക്രമണം നേരിട്ടാല്‍ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശശി തരൂര്‍ പറഞ്ഞു.
interview with shashi tharoor



