|
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടി ടിക്കറ്റിനെച്ചൊല്ലി അടിപിടിയില്‍ കലാശിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ എട്ടു പോലീസുകാരും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സതേടി.
വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി ‘555 ദി റെയിന്‍ ഫെസ്റ്റ്’ കടപ്പുറത്ത് നടക്കുന്നുണ്ട്. നാല്‍പ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു.
ഇന്നലെ വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓണ്‍ലൈന്‍വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍പ്പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റുപോയതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി.
ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്രയുമധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ വേദിക്ക് കഴിയാതെവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്
രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവര്‍ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാന്‍ പോലീസും വൊളന്റിയര്‍മാരും ശ്രമിച്ചു. എട്ടു പോലീസുകാര്‍ മാത്രമായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പോലീസ് ലാത്തിവീശാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വിരണ്ടോടുകയായിരുന്നു. ഇതിനിടെ പോലീസുകാര്‍ക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരും പരിപാടിക്കെത്തിയിരുന്നു.
kozhikode-beach-music-show-clash-70-injured



