|
ഗോണ്ട: യുപിയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ജനിച്ച് അധികം താമസിയാതെ മരിച്ച നവജാത ശിശുവിന്റെ മുഖം മൃഗം ഭക്ഷിച്ചതായി ബന്ധുക്കൾ. ഗോണ്ട ജില്ലയിലെ മുജെഹ്നയിലാണ് സംഭവം. ധനെപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബച്ചായിപൂർ നിവാസികളായ സിറാജ് അഹമ്മദ്- സൈറ ബാനു ദമ്പതികളുടെ കുഞ്ഞിനാണ് ദുർഗതിയുണ്ടായത്.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും കുടുംബം പരാതി നൽകുകയും ചെയ്തതോടെ അന്വേഷണം നടത്താൻ ജില്ലാ മജിസ്‌ട്രേറ്റ് സമിതി രൂപീകരിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.
സൈറ ബാനുവിനെ പ്രസവവേദനയെ തുടർന്ന് ശനിയാഴ്ച രാത്രി 10ഓടെയാണ് മുജെഹ്നയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെ യുവതി ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ ഓക്‌സിജൻ സപ്പോർട്ടിൽ കിടത്തണമെന്നും കുടുംബാംഗങ്ങൾ പുറത്തിറങ്ങണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് മറ്റൊരു വാർഡിലേക്ക് കുട്ടിയെ മാറ്റുകയും ചെയ്തു. എന്നാൽ കുഞ്ഞ് മരിച്ചതായി രാവിലെ ആശുപത്രി ജീവനക്കാർ വീട്ടുകാരെ അറിയിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. “ഞങ്ങൾ കുട്ടിയുടെ മൃതദേഹം കണ്ടപ്പോൾ അവന്റെ മുഖത്തിന്റെ ഒരു ഭാഗം ഏതോ മൃഗം തിന്ന അവസ്ഥയിലായിരുന്നു”- ബന്ധുക്കൾ പൊലീസിന് പരാതിയിൽ പറയുന്നു.
കുഞ്ഞിന്റെ മരണത്തിനും മുഖം മൃഗം തിന്നതിനും കാരണം രാത്രി ഡ്യൂട്ടിയിലുള്ള ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ സഹോദരൻ ഹാറൂൻ പരാതി നൽകിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ഗുപ്ത പറഞ്ഞു. വിഷയത്തിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉജ്വൽ കുമാർ രണ്ടംഗ സമിതിക്ക് രൂപം നൽകി. ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. രശ്മി വർമയും രണ്ടംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയിൽ സിഎംഒയും ഉൾപ്പെടുന്നു.
അതേസമയം, ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. യോഗി ഭരണത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ ലജ്ജാകരവും ഭീകരവുമായ അവസ്ഥയാണിതെന്ന് അദ്ദേഹം പറഞ്ഞു.



