|
മഥുര: യുപിയിലെ മധുര റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കവെ തട്ടിയെടുത്ത ഏഴുമാസം പ്രായമുള്ള ആൺകുട്ടിയെ വാങ്ങിയ ബിജെപി നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. ഫിറോസാബാദിലെ ബിജെപി നേതാവ് വിനീത അഗർവാളിനെതിരെയാണ് നടപടി.
രണ്ടു ഡോക്ടർമാരിൽ നിന്ന് 1.8 ലക്ഷം രൂപ നൽകിയാണ് കുട്ടിയെ വാങ്ങിയതെന്ന് വിനീതയും ഭർത്താവും മൊഴി നൽകിയിരുന്നു. ആൺകുട്ടിയെ വേണമെന്ന ആഗ്രഹം മൂലമാണ് കുട്ടിയെ വാങ്ങിയതെന്നായിരുന്നു ഇവരുടെ വാദം. കുട്ടിയെ തട്ടിയെടുക്കുന്ന സംഘത്തോട് ഇവർ ആവശ്യം പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംഘം കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിയെടുത്തത്.
വാർഡ് 51ൽ നിന്നുള്ള കോർപ്പറേറ്റർ വിനീത അഗർവാളിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപിയുടെ ഫിറോസാബാദ് മഹാനഗർ (സിറ്റി) യൂണിറ്റ് തലവൻ രാകേഷ് ശംഖ്വാർ പറഞ്ഞു. ഫിറോസാബാദ് മഹാനഗർ യൂണിറ്റ് അവരുടെ പെരുമാറ്റത്തെക്കുറിച്ച് പാർട്ടിയുടെ സംസ്ഥാന ഘടകത്തിന് പരാതി നൽകിയതിനെ തുടർന്നാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 24 പുലർച്ചെ 4.30ഓടെയാണ് മഥുര ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ എട്ടാം പ്ലാറ്റ്‌ഫോമിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചു കൊണ്ടുപോയത്. കുഞ്ഞിനെ പിറ്റേന്ന് മഥുരയിൽ നിന്ന് 100 അകലെയുള്ള ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയുകയും ഇയാളെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിൽ സംഘത്തെ കുറിച്ചും വാങ്ങിയ ആളെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.
സംഭവത്തിൽ വിനീതയും ഭർത്താവും കുട്ടിയെ എടുത്തുകൊണ്ടുപോയ ആളും അടക്കം എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ഹാഥ്രസ് ജില്ലയിൽ ആശുപത്രി നടത്തുന്ന രണ്ടു ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.



