കൊൽക്കത്തയിലെ ബിസിനസുകാരനായ ആമിർഖാന്റെ വസതിയിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 17 കോടിയിലേറെ രൂപ. എട്ട് നോട്ടെണ്ണല്‍ മെഷീനുകളുപയോഗിച്ച് 16 മണിക്കൂർ എണ്ണിയാണ് ആമിർഖാന്റെ വസതിയിൽ നിന്ന് കണ്ടെടുത്ത പണം ഉദ്യോഗസ്ഥർ എണ്ണിത്തീർത്തത്. ഇയാളുടെ വസതിയായ ഗാർഡൻ റീച്ചിൽ കണ്ടെത്തിയ 10 ട്രങ്കുകളിൽ അഞ്ചെണ്ണത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
|
ശനിയാഴ്ച രാവിലെ തുടങ്ങിയ പണമെണ്ണൽ രാത്രിയിലാണ് തീർന്നത്. ബാങ്ക് ജീവനക്കാരും കേന്ദ്ര സേനയിലെ അംഗങ്ങളും റെയ്ഡിൽ സംബന്ധിച്ചു. പിടിച്ചെടുത്ത നോട്ടുകളിൽ ഭൂരിഭാഗവും 500 രൂപയുടേതായിരുന്നുവെന്നും ഇതിനു പുറമേ 2000, 200 രൂപ നോട്ടുകളും പിടിച്ചെടുത്തവയിൽ ഉണ്ടെന്നും ഇഡി അറിയിച്ചു. കള്ളപ്പണം തടയൽ നിയമപ്രകാരം ആയിരുന്നു റെയ്ഡ്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആമിർഖാനെതിരേ ഫെഡറൽബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരേ കേസെടുത്തത്.
ഇ-നഗറ്റ്സ് എന്ന പേരിൽ ആമിർഖാൻ മൊബൈൽ ഗെയിമിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇത് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ആപ്ലിക്കേഷനായിരുന്നുവെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. തുടക്കത്തിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് കമ്മീഷൻ നൽകിയിരുന്നു. ഇതിലൂടെ വിശ്വാസം കൂടുതൽ പേരുടെ വിശ്വാസം നേടുകയും ആളുകൾ ഗെയിമിങ് ആപ്പിൽ വൻതോതിൽ പണം നിക്ഷേപിച്ചു.
ഇത്രയുമായപ്പോഴേക്കും ആപ്ലിക്കേഷൻ അപ്ഗ്രേഡ് ചെയ്യുകയാണെന്നു തെറ്റിദ്ധരിപ്പിക്കുകയും ഉപയോക്താക്കളുടെ ലോഗിൻ ഡീറ്റെയിൽസ് അടക്കം ഇല്ലാതാക്കുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നതും. ഇങ്ങനെ കോടിക്കണക്കിനു രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് ഇഡി പറയുന്നു.



