22
Sep 2022
Fri
22 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ താനുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്നും പാർട്ടി തിരുത്തിയാൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം തേടില്ലെന്നും ഷാജി പറഞ്ഞു. ഒമാനിലെ മസ്‌കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച ‘ഉദയം 2022’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി. 

മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്.  ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം.എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നുമുള്ള ആക്ഷേപങ്ങളാണ് ഷാജിക്കെതിരേ ഉയർന്നത്. 

എന്നാൽ ഈ വിമർശനങ്ങളെല്ലാം തള്ളുകയാണ് ഷാജിചെയ്തത്. ഷാജിയുടെ വാക്കുകൾ ഇങ്ങനെ: നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാകും. ലീഗ് യോഗത്തിൽ കെ.എം ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. ലീഗിനകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും എനിക്കെതിരെ നടന്നിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്.”-അദ്ദേഹം പറഞ്ഞു.

എന്റെ പാർട്ടി എന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. അതുകണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട. എന്റെ ശ്വാസവും ശക്തിയും ധാരണയും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെടുത്തിയതും എന്നെ ഞാനാക്കിയതും ഈ പാർട്ടിയാണ്. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്ന കൂട്ടത്തിൽ ഷാജിയും ലീഗുകാരും ഉണ്ടാകില്ല-ഷാജി വ്യക്തമാക്കി.  

km-shaji-muslim-league-meeting-criticism