|
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്ന കുറിപ്പെഴുതി വച്ച് ജീവനൊടുക്കി കർഷകൻ. മഹാരാഷ്ട്ര പൂനെയിലെ 45കാരനായ കർഷകനാണ് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ജുന്നാർ താലൂക്കിലെ വഡ്ഗാവ് ആനന്ദ് ഗ്രാമത്തിൽ നിന്നുള്ള ദശരത് ലക്ഷ്മൺ കേദാരിയാണ് മരിച്ചത്.
മോദിക്ക് ജന്മദിനാശംസകൾ നേർന്ന ശേഷമാണ് താൻ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം അദ്ദേഹമാണെന്ന് കേദാരി വിശദീകരിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ലഭിക്കാത്തതിനെ കുറിച്ചും ലോൺ റിക്കവറി ഏജന്റുമാരുടെ പീഡനത്തെ കുറിച്ചും കേദാരി ആത്മഹത്യാ കുറിപ്പിൽ വിശദമാക്കുന്നതായി പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരും കേന്ദ്രവും കർഷകരുടെ ദുരിതം അവഗണിച്ചെന്നും കേദാരി തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയും കനത്ത മഴയും മൂലം കർഷകർക്കുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പറയുന്ന ആത്മഹത്യാക്കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിഷ്‌ക്രിയത്വത്തെ കുറ്റപ്പെടുത്തുകയും വിളകൾക്ക് മിനിമം താങ്ങുവില വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
”ഞങ്ങൾക്ക് പണമില്ല. കുറച്ചുകൂടി സാവകാശം തരാൻ പണമിടപാടുകാർ തയ്യാറല്ല. ഞങ്ങൾ എന്തു ചെയ്യണം? ഉള്ളി വിപണിയിൽ എത്തിക്കാൻ പോലും ഞങ്ങൾക്ക് കഴിയുന്നില്ല. മോദീ, നിങ്ങൾ നിങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഉൽപന്നങ്ങൾക്ക് ആവശ്യമായ വില നൽകണം. നിങ്ങൾക്ക് കാർഷിക മേഖലയെ നിയന്ത്രിക്കാൻ കഴിയില്ല. കർഷകർ എന്താണ് ചെയ്യേണ്ടത്?”
”ധനകാര്യ സ്ഥാപനയുടമകൾ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു, സഹകരണ സംഘം ഉദ്യോഗസ്ഥർ അധിക്ഷേപിക്കുന്നു. നീതിക്ക് വേണ്ടി ആരുടെയടുത്തേക്കാണ് ഞങ്ങൾ പോവേണ്ടത്?… നിങ്ങളുടെ നിഷ്ക്രിയത്വം കാരണം ഇന്ന് ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായിരിക്കുന്നു. വിളകളുടെ വില ഞങ്ങൾക്ക് തരൂ. അത് ഞങ്ങളുടെ അവകാശമാണ്”- കേദാരി സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
മരണവിവരം അറിഞ്ഞതോടെ പൂനെ റൂറൽ പൊലീസ് സംഘം സ്ഥലത്തെത്തി കേദാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അതേസമയം, കേദാരിയുടെ മരണശേഷം പ്രാദേശിക തഹസിൽദാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. നേരത്തെ, കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നിരവധി കർഷകർ വിവിധ സംസ്ഥാനങ്ങളിലായി ആത്മഹത്യ ചെയ്തിരുന്നു.



