|
രാജ്യവ്യാപകമായി പോപുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി നടന്ന റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചെന്ന് വ്യാജ പ്രചരണം. മീഡിയവണിന്റെ ലോഗോ അടക്കം ഉപയോഗിച്ചാണ് വ്യാജപ്രചരണം. സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു എന്നാണ് പോസ്റ്ററിലുള്ളത്.
മുകളിൽ മീഡിയ വണിന്റെ ലോഗോയും താഴെ മീഡിയവൺ ഓൺലൈൻ എന്നും വച്ചാണ് വ്യാജ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽമീഡിയകളിലൂടെ വ്യാജ പോസ്റ്റർ വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റർ വ്യാജമാണെന്നും ഹർത്താൽ പിൻവലിച്ചിട്ടില്ലെന്നും പോപുലർ ഫ്രണ്ട് നേതാക്കൾ അറിയിച്ചു.
അതേസമയം, പ്രചരണം തള്ളി മീഡിയവണും രംഗത്തെത്തി. മീഡിയ വണിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്ഥാപനം അറിയിച്ചു.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പോപുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടയ്ക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു.



