23
Sep 2022
Mon
23 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോം: ഇറ്റലിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഇറ്റലി അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷ ജോര്‍ജിയ മെലോനി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് സൂചന. അന്തിമഫലം ഇന്ന് തന്നെ ഉണ്ടാകും.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാണ് ഇറ്റലിയില്‍ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയും ജോര്‍ജിയ മെലോനിയാവും. 

വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ ആയിരിക്കും അധികാരത്തില്‍ വരികയെന്നു പ്രതികരിച്ചു. 

സഖ്യകക്ഷികള്‍ വിശ്വാസവോട്ടില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവച്ചിരുന്നു. തുടര്‍ന്നാണു രാജ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. 

കുടിയേറ്റക്കാര്‍, ന്യൂനപക്ഷ മതവിഭാഗങ്ങള്‍, സ്ത്രീ സ്വതന്ത്രവാദികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളോട് താല്‍പ്പര്യമില്ലാത്ത ജോര്‍ജിയ, യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരാധിക കൂടിയാണ്.

മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്. ഇറ്റലിയിലെ പിയാചെന്‍സ നഗരത്തില്‍ 55 വയസ്സുകാരിയായ യുക്രെയ്ന്‍ സ്ത്രീ ലൈംഗിക അതിക്രമത്തിനിരയാകുന്ന വിഡിയോ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പങ്കുവച്ച് മെലോനി പുലിവാല്‍ പിടിച്ചിരുന്നു.

Giorgia Meloni: Italy’s far right set to win election