23
Sep 2022
Wed
23 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണെന്ന് സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു ദശകത്തിലധികമായി മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി – യുവജനങ്ങളെ വാര്‍ത്തെടുക്കാന്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. ആ ലക്ഷ്യം ഒരു പരിധിവരെ പൂര്‍ത്തിയാക്കുവാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. 

 

വിദ്യാസമ്പന്നരായ നിരവധി യുവജനങ്ങള്‍ ഈ സംഘടനയുടെ ഭാഗവും വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരുമാണ്. നമ്മുടെ ജനാധിപത്യ ഭരണഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് കാംപസ് ഫ്രണ്ട് അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കുന്നു.

 

പോപുലര്‍ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ടിനെതിരേ പടച്ചുവിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാന രഹിതമായ മുഴുവന്‍ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനയ്ക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടും. 

 

കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളോടും സംഘടനയുടെ പേരില്‍ യാതൊരു വിധ പരിപാടികളും നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും സംഘടനയുടെ പേരോ, ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍  പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്താല്‍ കാംപസ് ഫ്രണ്ടിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.