|
സംഘടനയെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ പോപുലർ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തികസാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപുലർ ഫ്രണ്ട്. എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.
പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നു രാവിലെയാണ് കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കഴിഞ്ഞദിവസങ്ങളിൽ ദേശവ്യാപക റെയ്ഡ് നടത്തി എൻഐഎയും ഇഡിയും പോപുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇന്നു രാവിലെ നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചത്.



