|
കോഴിക്കോട്: കഴിഞ്ഞയാഴ്ച നടന്ന മുജാഹിദ് സമ്മേളനത്തിന് പിന്നാലെ കോഴിക്കോട് കടപ്പുറത്ത് ജനലക്ഷങ്ങളെ പങ്കെടുപ്പിച്ച് ആദർശ സമ്മേളനം സംഘടിപ്പിച്ച് ശക്തി തെളിയിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതനിരപേക്ഷ സ്വഭാവം നിലനിർത്തുന്നതിലും സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
നാലു ദിവസം കോഴിക്കോട് സ്വപ്‌നനഗരിയിൽ നടന്ന മുജാഹിദ് സമ്മേളനത്തിന് മറുപടി പറയാനായിരുന്നു സമസ്തയുടെ ആദർശ സമ്മേളനം. നാലു ദിവസം കൊണ്ട് തീരുമാനിച്ച പരിപാടി സമസ്തയുടെ ശക്തിപ്രകടനമായി മാറി. സമ്മേളനത്തിൽ പ്രസംഗിച്ചവരെല്ലാം മുജാഹിദ് സമ്മേളനത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായും സമ്മേളനത്തിൽ പങ്കെടുത്തു. നേരത്തെ മുജാഹിദ് സമ്മേളനത്തിലേക്ക് സാദിഖലി ശിഹാബ് തങ്ങൾ ക്ഷണിക്കപ്പെട്ടെങ്കിലും അവസാന സമയത്ത് വച്ച് പിൻമാറുകയായിരുന്നു. പിന്നാലെ സമസ്ത സമ്മേളനത്തിലേക്കും ക്ഷണിച്ചെങ്കിലും ദുബൈയിലായതിനാൽ പങ്കെടുക്കാനാകില്ലെന്നായരുന്നു സാദിഖലി തങ്ങളുടെ നിലപാട്. എന്നാൽ വീഡിയോ കോൺഫ്രൻസ് മുഖേന അദ്ദേഹത്തെ സമസ്ത പങ്കെടുപ്പിച്ചു.
പാണക്കാട് കുടുംബത്തെ വേദിയിലിരുത്തിയാണ് ജിഫ്രി തങ്ങൾ മുജാഹിദുകൾക്കെതിരേ ആഞ്ഞടിച്ചത്. പാണക്കാട് കുടുംബം യഥാർത്ഥ സുന്നികളാണെന്നും അവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സമസ്തയുടെ മേൽ കുതിരകയറേണ്ടെന്നും അധ്യക്ഷൻ ജിഫ്രി തങ്ങൾ പറഞ്ഞു. ആളുണ്ടെങ്കിലേ സംഘടന വലുതാകൂ എന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി. സമസ്ത മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.മൂസക്കുട്ടി ഹസ്രത്, എ.വി.അബ്ദുറഹ്മാൻ മുസല്യാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എം.ടി.അബ്ദുല്ല മുസല്യാർ, പി.പി.ഉമർ മുസല്യാർ കൊയ്യോട്, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.



