|
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെ വെടിവച്ച് കൊന്നു. മുർസൽ നാബിസാദ (32) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമിസംഘം മുർസൽ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുൾ പൊലീസ് വക്താവ് അറിയിച്ചു.
വീട്ടിൽ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മുർസൽ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്.
യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്താണു നാബിസാദ പാർലമെന്റിൽ അംഗമായിരുന്നത്. താലിബാൻ രാജ്യഭരണം പിടിച്ചെടുത്തതോടെ നാബിസാദ ഉൾപ്പെടെയുള്ളവർ പുറത്തായി. നംഗർഹാർ സ്വദേശിയായ നാബിസാദ 2018ൽ കാബുളിൽനിന്നാണ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു.



