|
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ഇക്കാര്യം അറിയിച്ചത്.ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. ‘ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമെന്ത്. അറച്ച് നില്‍ക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”കെ അനില്‍കുമാര്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി. കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.



