22
Jan 2023
Tue
22 Jan 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണം, അതിന് പിന്നാലെ പാക് അതിർത്തിയിൽ നടന്ന മിന്നാലാക്രമണം എന്നീ സംഭവങ്ങളെ കുറിച്ച് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. പുൽവാമാ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക് അതിർത്തിക്കുള്ളിൽ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകൾ എവിടെയെന്ന് ദിഗ്വിജയ് സിങ് ചോദിച്ചു.

പുൽവാമ പ്രദേശം ഭീകരരുടെ വിളനിലമാണ്. ഇവിടെ എല്ലാ കാറുകളും പരിശോധിക്കുന്നത് പതിവാണ്. എന്നാൽ ഒരു സ്‌കോർപിയോ കാർ എതിർദിശയിൽനിന്ന് വരുന്നു. അതെങ്ങിനെയെത്തി. എന്തുകൊണ്ട് പരിശോധനയില്ലാതെ കാർ കടന്നുവന്നു? പിന്നീട് സൈനികർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നു. നമ്മുടെ 40 സൈനികർ വീമൃത്യുവരിക്കുന്നു. ഈ വിഷയത്തിൽ ഇതുവരെ കേന്ദ്രസർക്കാർ പാർലമെന്റിലോ പുറത്തോ യാതൊരു വിശദീകരണവും പുറത്തുവിട്ടിട്ടില്ലെന്നും ദിഗ്വിജയ് സിങ് ആരോപിച്ചു. അവർ മിന്നലാക്രമണത്തെ കുറിച്ച് പറയുന്നു. ഞങ്ങൾ കുറേ പേരെ കൊന്നുവെന്ന്. പക്ഷേ അതിന് തളിവ് പുറത്തുവിട്ടിട്ടില്ല. നുണകളുടെ ബാണ്ഡങ്ങൾക്ക് മേലിലിരുന്നാണ് അവർ ഭരിക്കുന്നത്- അദ്ദേഹം ആരോപിച്ചു.

അതേസമയം, ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനെ അപലപിച്ച ബി.ജെ.പി, കോൺഗ്രസ് സൈന്യത്തെ പരിഹസിക്കുകയാണെന്ന് ആരോപിച്ചു. പിന്നാലെ സിങ്ങിന്റെത് വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കോൺഗ്രസിന്റെതല്ലെന്നും പാർട്ടി മുഖ്യവക്താവ് ജയ്‌റാംരമേശ് പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്തും മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും രാജ്യതാൽപ്പര്യത്തിനായുള്ള എല്ലാ സൈനികനടപടികളെയും കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്നും ജയ്‌റാംരമേശ് ട്വീറ്റ്‌ചെയ്തു.