22
Jan 2023
Tue
22 Jan 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കഴുത്തിൽ കത്തിവച്ച് ഗൂഗിൾ പേ പാസ്‌വേഡ് ചോദിച്ച് അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി എന്ന അർഫാൻ (20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (21), അരക്കിണർ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷൻ അലി (25) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപം മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഗൂഗിൾ പേയുടെയും പേടിഎമ്മിന്റെയും പാസ്‌വേഡ് പറയപ്പിച്ച് അരലക്ഷം രൂപയോളം കവർന്ന കേസിലാണ് പ്രതികൾ അറസ്റ്റിലായത്.

നഗരത്തിൽ രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിറ്റി ക്രൈം സ്‌ക്വാഡിനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചുമതലപ്പെടുത്തി. തുടർന്ന് നഗരത്തിൽ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് അർഫാൻ എന്ന മുൻ കുറ്റവാളിയുടെ നേതൃത്വത്തിൽ കത്തിയുമായി ഒരു സംഘം നഗരത്തിൽ രാത്രികാലങ്ങളിൽ ഭീതി പരത്തി കറങ്ങുന്നതായി കണ്ടെത്തിയത്.

ബൈക്കിലും സ്‌കൂട്ടറിലും കാറിലുമൊക്കെ ഈ സംഘം കറങ്ങാറുണ്ടെന്ന് വിവരം ലഭിച്ച സിറ്റി ക്രൈം സ്‌ക്വാഡ്, അർഫാന്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും കണ്ടെത്തുകയായിരുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് തമ്പടിക്കാത്ത സംഘത്തെ കുടുക്കാൻ പലതവണ ശ്രമം നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് പിടികൂടാൻ സാധിച്ചത്. എംഡിഎംഎ ഉപയോഗിക്കുന്നവരാണ് നാലു പ്രതികളും. മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ കവർച്ചയാണിത്.