21
Feb 2023
Wed
21 Feb 2023 Wed

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ​ ​ഗാന്ധിയുടേയും രാജീവ് ​ഗാന്ധിയുടേയും മരണം അപകടമരണങ്ങളാണെന്നും കൊലപാതകമല്ലെന്നും ഉത്താരാഖണ്ഡ് മന്ത്രിയും ബിജെപി നേതാവുമായ ​ഗണേഷ് ജോഷി. ​അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്. ​രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ​ഗണേഷ് ജോഷി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്ഷസാക്ഷികളായിട്ടുണ്ട്. എന്നാൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് വെറും അപകടങ്ങളായിരുന്നു. അപകടങ്ങളും രക്ഷസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം സു​ഗമമായി നടക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് ആണ്. ആർട്ടിക്കൾ 370 റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ ജമ്മു കശ്മീർ സാധാരണ നിലയിലെത്തില്ലായിരുന്നു. ലാൽ ചൗക്കിൽ രാഹുൽ ഗാന്ധിക്ക് ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ല. കശ്മീരിൽ അക്രമം വർധിച്ച സമയത്ത് ആണ് ലാൽ ചൗക്കിൽ ബിജെപി നേതാവ് മുരളി മനോഹർ ജോഷി പതാക ഉയർത്തിയതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

സ്കൂളിൽ ക്ലാസ് റൂമിലിരിക്കെയാണ് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ വിവരം അറിയുന്നതെന്നും അമേരിക്കയിൽ വച്ചാണ് പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വിവരം അറിയുന്നതെന്നും രാഹുൽ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിൽ പറഞ്ഞിരുന്നു. ഇത്തരം മോശം ഫോൺ കോളുകൾ ഏറെ ലഭിച്ചിട്ടുള്ളവരാണ് കശ്മീരിലെ ജനങ്ങളും സൈനികരുമെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബിജെപി മന്ത്രി ഗാന്ധികുടുംബത്തിൽ നടന്നത് അപകടമരണങ്ങളാണെന്ന പ്രസ്താവന നടത്തിയത്.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ഇന്ദിരാ ​ഗാന്ധിയുടേയും രാജീവ് ​ഗാന്ധിയുടേയും കൊലപാതകത്തെക്കുറിച്ച് രാഹുൽ ​ഗാന്ധി സംസാരിച്ചിരുന്നു.