|
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റ ബാധ്യതയാക്കിയത് കേന്ദ്രത്തിൻറെ നടപടികൾ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. കേന്ദ്രത്തിൻറെ പദ്ധതികളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അവഗണിക്കപ്പെടുകയാണ്. സംസ്ഥാനത്തിനെതിരായ കേന്ദ്ര അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു.
കേരളം കടക്കെണിയിൽ അല്ലെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. വായ്പയെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളർച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയിൽ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തിൽ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൻറെ അവഗണനക്കിടയിലും സംസ്ഥാനം ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേൽപ്പിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്ര ധന നയം പ്രതികൂലമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റ ബദൽ സമീപനത്തിനാണ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കേന്ദ്ര സർക്കാർ നയം. ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണം. മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.



