22
Feb 2023
Thu
22 Feb 2023 Thu

തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ 27 അംഗ കർഷക സംഘം ഇസ്രായേലിലേക്ക്. ആധുനിക രീതിയിലുള്ള കൃഷിരീതി പഠിക്കുന്നതിന് കൃഷി വകുപ്പിന് കീഴിലാണ് സംസ്ഥാന സർക്കാർ പ്രതിനിധികളായ സംഘം പോവുന്നത്. കർഷകസംഘത്തെ കൃഷി വകുപ്പ് ഡയറക്ടർ അശോക് കുമാർ നയിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ 20 കർഷകരോടൊപ്പം മന്ത്രി പി പ്രസാദ്, രണ്ട് മാധ്യമ പ്രവർത്തകർ ഏഴ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ യാത്ര സംഘത്തിലെ കർഷകർ ഒഴികെയുള്ളവർക്കുള്ള അനുമതി മുഖ്യമന്ത്രി നിഷേധിച്ചതിനെ തുടർന്ന് കൂടുതൽ കർഷകരെ ഉൾപ്പെടുത്തിയുള്ള ലിസ്റ്റ് ആവശ്യപെട്ടതോടെയാണ് കൃഷി വകുപ്പ് നേരത്തെ അപേക്ഷിച്ചിരുന്ന ഏഴ് പേരെ അധികമായി കയറ്റി ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. കൃഷി പഠിക്കാൻ കർഷകർ മാത്രം പോയാൽ മതിയെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.

ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന നിർദേശത്തെ തുടർന്നുള്ള ലിസ്റ്റിലാണ് മാറ്റി തിരുത്തൽ വരുത്താൻ കൃഷി വകുപ്പ് നിർബന്ധിതരായത്. യാത്രക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയത്. അപേക്ഷ ക്ഷണിച്ചത് പാർട്ടിയോ മുന്നണിയോ അറിയാത്തത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇസ്രായേലിനെ കമ്യൂണിസ്റ്റ് പാർട്ടികൾ എതിർക്കുന്നതിനാൽ മന്ത്രി പോവേണ്ടതില്ലന്ന നിലപാടിലായിരുന്നു സി പി ഐ. നിയമസഭ നടക്കുന്നതിനാൽ തിരക്കിലാണെന്ന വാദം ഉയർത്തി പിൻമാറുകയായിരുന്നു മന്ത്രി പി പ്രസാദ്.

കഴിഞ്ഞ മാസം 13ന് തിരഞ്ഞെടുത്ത 20 പേരെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി അഭിമുഖം നടത്തി ആവശ്യമായ രേഖകൾ ശേഖരിച്ചതാണ്. പിന്നീട് ഉണ്ടായ മാറ്റത്തിലാണ് വെയ്റ്റിങ് ലിസ്റ്റിലുള്ള ഏഴ് പേരെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കിയത്. ആദ്യമായിട്ടാണ് സർക്കാർ കർഷകരെ പരിശീലനത്തിനായി വിദേശത്തേക്ക് കൊണ്ട് പോകുന്നത്.