23
Feb 2023
Sat
23 Feb 2023 Sat

പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർ ഛത്രം പൊലീസ് അറിയിച്ചു. പെയിൻറിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പിൽ പെയിന്റിന്റെ അംശം കണ്ടെത്തി. പ്രദേശത്തെ പെയിന്റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. നിരവധി പെയിൻറിങ് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നെന്ന് അക്രമത്തിനിരയായ യുവതിയുടെ കുടുംബം പറഞ്ഞു. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ഇട്ട ആളാണ് അക്രമി എന്നും യുവതി പോലീസിന് മൊഴി നൽകി. പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് കൊല്ലം സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്. ഗാർഡ് റൂമിനകത്ത് ഫോൺ ചെയ്യുന്നതിനിടെ, അക്രമി മുറിയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാൻ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് അക്രമിയിൽ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സർക്കാർ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി തിരുനെൽവേലിയിലെ റെയിൽവേ ആശുപത്രിയിലേക്ക് മാറ്റി.