22
Feb 2023
Sun
22 Feb 2023 Sun

ന്യൂഡല്‍ഹി: രാജ്യത്ത് തങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന സംഘപരിവാര ആക്രമണങ്ങള്‍ക്കെതിരേ ആശങ്കയറിയിച്ച് ഡല്‍ഹിയില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒത്തുചേരല്‍. ഞായറാഴ്ച ജന്തര്‍മന്ദറിലായിരുന്നു പ്രതിഷേധകൂട്ടായ്മ. ക്രൈസ്തവര്‍ക്കെതിരേ വിദ്വേഷവും അതിക്രമമവും അവസാനിപ്പിക്കൂ എന്ന പേരിലായിരുന്നു പ്രതിഷേധ കൂട്ടായ്മ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപണം ഉയരുകയാണെന്നും ഇതാണ് ചര്‍ച്ചുകളും വിശ്വാസികളും ആക്രമിക്കപ്പെടാന്‍ കാരണമെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ആരോപണങ്ങളെ തുടര്‍ന്ന് നിരവധി വിശ്വാസികളെ അറസ്റ്റ് ചെയ്തു. ക്രൈസ്തവര്‍ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളരാന്‍ ഇതിടയാക്കിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

2021ല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ 525 ആക്രമണങ്ങളുണ്ടായെന്ന് യുപിയില്‍ നിന്നുള്ള സ്റ്റീവന്‍ ചൂണ്ടിക്കാട്ടി. 2020ല്‍ ഇത് 600 ആയി വര്‍ധിച്ചു. യുപിയില്‍ 2021ല്‍ 70 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. 2022ല്‍ ഇത് 183 ആയി വര്‍ധിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് യുപിയില്‍ പൊലീസ് ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയാണെന്ന് യുപിയില്‍ നിന്നുള്ള ശിവപാല്‍ ചൂണ്ടിക്കാട്ടി. വീടുകളില്‍ പോലും പ്രാര്‍ഥിക്കാന്‍ അനുവദിക്കുന്നില്ല. പിറന്നാളാഘോഷത്തില്‍ പ്രാര്‍ഥിച്ചതിന് നിരവധി വിശ്വാസിനികളെ പൊലീസ് അറസ്റ്റ് ചെയ്യുകപോലുമുണ്ടായി. 2010ല്‍ മരിച്ച 11കാരനെതിരേ പോലും പൊലീസ് കേസെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്ക് പിന്തുണ അര്‍പ്പിക്കുന്നതിനാണീ കൂടിച്ചേരലെന്ന് ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ നിന്നെത്തിയ പൂനം പറഞ്ഞു.