22
Feb 2023
Mon
22 Feb 2023 Mon

ചാണ്ഡിഗഡ്: തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ, എസ്.യു.വി വാഹനങ്ങൾ, ഏതാവശ്യത്തിനും, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം, സമൂഹമാധ്യമങ്ങളിൽ നിറയെ ഫോളോവേഴ്‌സ്, അമിത്ഷാ ഉൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോ…. ഇതാണ് മോനുമനേസർ എന്ന മോഹിത് യാദവ്. ഹരിയാനയിൽ മാത്രമല്ല കന്നുകാലിക്കടത്ത് ആരോപിച്ച് ഉത്തരേന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളുടെയെല്ലാം സൂത്രധാരനാണ് ഇയാൾ. ഹരിയാനയിലെ ഭിവാനിയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ടു മുസ്ലിംയുവാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രഥിചേർക്കപ്പെട്ടതോടെയാണ് ഒരിക്കലൂടെ മോനു മനേസർ എന്നപേര് തലക്കെട്ടുകളിൽ ഇടംപിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിയാനയിലെ മനേസർ സ്വദേശിയാണങ്കിലും താമസം ഗുരുഗ്രാമിൽ (ഗുഡ്ഗാവ്) ആണ്. ജില്ലാ സിവിൽ ഡിഫൻസ് ടീം അംഗവുമായ ഇയാൾ ബജ്‌റംഗ്ദൾ ജില്ലാ കോർഡിനേറ്ററായാണ് അറിയപ്പെടുന്നത്. ഭിവാനി കേസിൽ പങ്കില്ലെന്നാണ് അവകാശപ്പെടുന്നതെങ്കിലും മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടപ്പോൾ എന്ത്‌ചെയ്യണമെന്ന് ആലോചിക്കാനായി പ്രതികൾ ഇയാളെ വിളിച്ചതായി അറസ്റ്റിലായ ലബജ്‌റംഗ്ദൾ പ്രവർത്തകൻ റിങ്കു സൈന മൊഴിനൽകിയിട്ടുണ്ട്. നിലവിൽ ഒളിവിലാണ് മോനു.

ഇയാൾക്ക് ഫേസ്ബുക്കിൽ 83,000ന് മുകളിൽ ഫോളോവേഴ്‌സും യൂടൂബിൽ രണ്ടുലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. വാഹനങ്ങൾ തടഞ്ഞ് കന്നുകാലികളെ പിടികൂടി ഇറക്കിവിടുന്നതിന്റെയും ബീഫ് തട്ടിയെടുക്കുന്നതിന്റെയും വിഡിയോകളും ചിത്രങ്ങളുമാണ് ഫേസ്ബുക്ക്, യൂടൂബ് പേജുകളിലുള്ളത്. മിക്ക ദിവസവും ഇത്തരത്തിൽ കാലിക്കടത്തുകാരെ തടഞ്ഞുവെന്ന് അവകാശപ്പെട്ടുള്ള ചിത്രങ്ങൾ ഇയാൾ പങ്കുവച്ചതായി കാണാം. മർദനമേറ്റ് അവശരായവരുടെയും രക്തം വാർന്നൊലിക്കുന്നവരുടെയും ചിത്രങ്ങളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. തോക്ക് ഉപയോഗിക്കുന്നതും കന്നുകാലികളുമായി പോകുന്ന വാഹനങ്ങളെ തോക്ക് കൊണ്ട് വെടിവയ്ക്കുന്നതുമായ വിഡിയോകളും പങ്കുവച്ചതിൽ ഉൾപ്പെടും.

ഹരിയാനയിൽ മാത്രം മോനുമനേസറിന്റെ കീഴിൽ 60- 70 ഗോരക്ഷാസേനാ സംഘങ്ങളുള്ളതായാണ് റിപ്പോർട്ട്. ഈ ഗ്രൂപ്പുകൾക്ക് സ്വന്തമായി വാഹനങ്ങളും പലർക്കും തോക്കുമുണ്ട്. മോനു മനേസറിന്റെ ആയുധലൈസൻസ് ഹരിയാന സർക്കാർ ഇന്നലെ റദ്ദാക്കി. അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യാത്ത ഹരിയാന പൊലിസിന്റെ നടപടി വിവാദമായതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കൽ.

വിവിധ പരാതികളിൽ നിരവധി കേസുകൾ ഉണ്ടെങ്കിലും ഇയാൾ ഇതുവരെ അറസ്റ്റിലായിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുൻധനമന്ത്രി അരുൺജെയ്റ്റ്‌ലി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, യോഗഗുരുവും വ്യവസായിയുമായ ബാബാ രാംദേവ് തുടങ്ങിയവർക്കൊപ്പവും വിവിധ പൊലിസ് ഉദ്യോഗസ്ഥർക്കൊപ്പവുമുള്ള നിരവധി സെൽഫികളും ഇയാൾ പങ്കുവച്ചിട്ടുണ്ട്.