സിസേറിയനു പിന്നാലെയുണ്ടായ അണുബാധയെ തുടര്‍ന്ന് 29കാരിയുടെ കൈപ്പത്തികളും കാലുകളും മുറിച്ചുമാറ്റി. യുഎസിലെ ടെക്‌സാസിലാണ് സംഭവം. ക്രിസ്റ്റിന പചേകോ എന്ന യുവതിയുടെ കൈകളും കാലുകളുമാണ് അണുബാധയെ തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടിവന്നത്. കാലുകള്‍ മുട്ടിനു താഴെ വച്ചാണ് മുറിച്ചുമാറ്റിയത്.
|
രണ്ടാമത്തെ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിനു പിന്നാലെ ക്രിസ്റ്റീനയ്ക്ക് പനിയും ഛര്‍ദ്ദിയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നായിരുന്നു കരുതിയത്. എന്നാല്‍ ബുദ്ധിമുട്ട് മാറാതെ വന്നതോടെ ഡോക്ടറെ കണ്ട് ചികില്‍സ തേടിയതോടെയാണ് ഗുരുതരാവസ്ഥ ബോധ്യപ്പെട്ടത്. ഇവിടെ നിന്ന് വ്യോമമാര്‍ഗം യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൈകളിലും കാലിലും അണുബാധകയറി അതീവ അപകടാവസ്ഥയിലാണ് യുവതിയെന്ന് വ്യക്തമായത്.
തീവ്രപരിചരണവിഭാഗത്തില്‍ രണ്ടാഴ്ചക്കാലമാണ് യുവതി കിടന്നത്. ഇതിനിടെ കൈകളിലേക്കും കാലിലേക്കും രക്തയോട്ടവും നിലച്ചതായും കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു. ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ആത്മവിശ്വാസം കൈവിടാതെ വ്യായാമങ്ങളും മറ്റും ചെയ്തുവരികയാണ്.


