ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണം. സർക്കാർ എന്ത് കൊണ്ട് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും ട്രൈബൂണൽ ചോദിച്ചു. കൊച്ചിയിൽ മാലിന്യ സംസ്‌കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്. പിഴ ഇനത്തിൽ ലഭിക്കുന്ന തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നീക്കിവെയ്ക്കാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്. കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായും ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
|
തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്കുമായി പിഴ തുക ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഭാവിയിൽ സുഗമമായി പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ബ്രഹ്മപുരം തീപിടിത്തത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യസംസ്‌കരണത്തിൽ തുടർച്ചയായി വീഴ്ച്ച വരുന്നു എന്ന നിരീക്ഷണവും ഉത്തരവിലുണ്ട്.





