റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ ക്ലബ്ബുകൾ വിട്ട് സൗദിയിൽ എത്തിയ വഴിയെ അർജന്റൈൻ താരം ലയണൽ മെസ്സിയും സഞ്ചരിക്കുന്നുവെന്ന അഭ്യൂഹം കൂടുതൽ ശക്തമാകുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെ വമ്പൻമാരായ അൽ നസ്റിൽ ചേർന്നിരുന്നു. അതേ വഴിയേ നിലവിൽ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയിൽ കളിക്കുന്ന മെസ്സിയും യൂറോപ്പ് വിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. മെസ്സിയുടെ ഏജന്റ് കൂടിയായ പിതാവ് ജോർജ് മെസ്സി കഴിഞ്ഞദിവസം സൗദിയിലെത്തിയതോടെയാണ് ഈ അഭ്യൂഹത്തിന് കൂടുതൽ പ്രചാരം ലഭിച്ചത്.
|
സൗദി പ്രോ ലീഗിലെ അൽ ഹിലാൽ ക്ലബുമായി ജോർജ് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. റിയാദിലെത്തിയ മെസ്സിയുടെ പിതാവ് മഹ്ദ് സ്പോർട്സ് അക്കാദമി മേധാവി പ്രൊഫ. അബ്ദുല്ല ഹമ്മാദുമായും ചർച്ചനടത്തിയിരുന്നു. സൗദി കിരീടാവകാശി അബ്ദുൽ അസീസ് അൽ ഫൈസലിന്റെ വലംകൈ ആണ് അബ്ദുല്ല ഹമ്മാദ്. 194 ദശലക്ഷം യൂറോ (17,25 കോടി രൂപ) പ്രതിവർഷം നൽകാമെന്നാണ് മെസ്സിക്ക് സൗദി ക്ലബ്ബ് ഓഫർ നൽകിയിരിക്കുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട്ചെയ്തു.
വൻതോതിൽ പണമൊഴുകുന്ന അമേരിക്കൻ ലീഗും മെസ്സിയിൽ താൽപര്യമറിയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയും മെസ്സിക്ക് വൻതുക ഓഫർ ചെയ്ത് അദ്ദേഹത്തിന് പിന്നിലുണ്ട്. നിലവിൽ വൻതുക വാഗ്ദാനം ചെയ്യാൻ പി.എസ്.ജിക്ക് യുവേഫ സാമ്പത്തിക നിയന്ത്രണം അനുവദിക്കാത്തത് മെസ്സിക്ക് തിരിച്ചടിയാണ്. എന്നാൽ, തുക കുറഞ്ഞാലും പാരിസിൽ തന്നെ തങ്ങുമെന്നാണ് ഏറ്റവും ഒടുവിലെ സൂചന. പി.എസ്.ജിയിൽ തുടരുന്നതിന് താരം സമ്മതം മൂളിയതായും റിപ്പോർട്ടുകൾ പറയുന്നു.
പി.എസ്.ജിയിൽ ഈ സീസൺ അവസാനിക്കുകയാണ്. പുതിയ കരാറിൽ എത്തിയില്ലെങ്കിൽ താരം മറ്റു താവളങ്ങൾ തേടേണ്ടിവരും. കരാർ പുതുക്കുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും മൂന്നു മാസം പൂർത്തിയായിട്ടും ഇതേ കുറിച്ച സ്ഥിരീകരണമില്ല. പി.എസ്.ജിയിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് അടുത്തിടെ മെസ്സി സൂചന നൽകിയിട്ടുണ്ടെങ്കിലും അത് അനിശ്ചിതത്വത്തിലാണ്.





