30
Mar 2023
Sun
30 Mar 2023 Sun

അമൃത്സർ: ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാനാവാതെ പൊലീസ്. കാറിൽ സഞ്ചരിച്ച ഇയാളെ പിന്തുടർന്നെങ്കിലും വാഹനം നിർത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ ആയുധനിയമപ്രകാരം പൊലീസ് കേസെടുത്തു. അമൃതപാൽ സിങ്ങിന്റെ വാഹനം ജലന്ധറിൽ പൊലീസ് പിടികൂടി. ‘വാരിസ് പഞ്ചാബ് ദേ’യുടെ 78 പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റ് നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച അമൃത് പാലിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സംഘാർഷാവസ്ഥ ഒഴിവാക്കാൻ പഞ്ചാബിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

’20-25 കിലോമീറ്ററോളം പൊലീസ് ഇയാളെ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. എന്നാൽ ആയുധങ്ങളും രണ്ട് കാറുകളും പിടിച്ചെടുത്തു. സിങ്ങിനായി തെരച്ചിൽ നടക്കുന്നു. ഞങ്ങൾ അയാളെ ഉടൻ അറസ്റ്റ് ചെയ്യും’- പൊലീസ് പറഞ്ഞു. എന്നാൽ ഇയാളുടെ സഹായികളായ നാല് പേരെ പൊലീസ് പിടികൂടി. ഇവർ നിലവിൽ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ അടച്ചതായി ദിബ്രുഗഡ് പൊലീസ് അറിയിച്ചു.

ജലന്ധറിലെയും അമൃത്സറിലെയും വിവിധ സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. നാല് വാഹനങ്ങളിലായാണ് അമൃത്പാലും അനുയായികളും രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നാല് സഹായികൾ പിടിയിലാവുകയായിരുന്നു. പൊലീസ് ഇയാൾക്കായി വലവിരിച്ചെങ്കിലും സമാന്തര റോഡ് വഴി ജലന്ധറിലേക്ക് രക്ഷപ്പെടുകയായിരുന്നു. അമ്പതോളം വാഹനങ്ങളിലാണ് പൊലീസ് അമൃത്പാലിനെ പിന്തുടർന്നത്.

ഖലിസ്ഥാൻ വാദിയായ ജെർനെയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാൽ സിങ് ഭിന്ദ്രൻവാല രണ്ടാമൻ എന്നാണ് അറിയപ്പെടുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാൾ നേതൃത്വം ഏറ്റെടുത്തത്. ഏറെക്കാലമായി പഞ്ചാബ് പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

ഈ വർഷം ഫെബ്രുവരിയിൽ അമൃത്പാലിന്റെ അനുയായിയായ ലോക്പ്രീത് തൂഫാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്പാലിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. തോക്കുകളും വാളുകളുമായാണ് നൂറു കണക്കിന് പേർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. ഇതിൽ ആറ് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.