21
Mar 2023
Sat
21 Mar 2023 Sat

പാരിസ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ നിലവിലെ ലോകകപ്പ് റണ്ണറപ്പായ ഫ്രാൻസിന് തകർപ്പൻ വിജയം. 2010ലെ ലോകകപ്പ് റണ്ണറപ്പുകളായ ഹോളണ്ട് പടയെ ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് ഫ്രഞ്ച് പട തകർത്തത്. സൂപ്പർ താരം കീലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ആദ്യ മത്സരത്തിൽ എംബപ്പെ ഇരട്ട ഗോളടിക്കുകയും ചെയ്തു. ആന്റോയിൻ ഗ്രീസ്മൻ(2). ദായൊത്ത് (8) എന്നിവരാണ് മറ്റ് സ്‌കോറർമാർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ആദ്യ പകുതി പാതിവഴി പിന്നിടുമ്പോഴേക്കും ഫ്രാൻസ് മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു. ഭക്ഷ്യ വിഷബാധ കാരണം അഞ്ചു കളിക്കാർക്ക് വിട്ടുനിൽക്കേണ്ടി വന്നത് ഡച്ചിനെ സാരമായി ബാധിച്ചു. ഹ്യൂഗൊ ലോറീസ് വിരമിച്ച ഒഴിവിൽ ക്യാപ്റ്റന്റെ ആംബാന്റണിഞ്ഞ എംബാപ്പെ രണ്ട് മിനിറ്റാവുമ്പോഴേക്കും പുതിയ വൈസ് ക്യാപ്റ്റൻ ആന്റോയ്ൻ ഗ്രീസ്മാൻ ആദ്യ ഗോളടിക്കാൻ അവസരമൊരുക്കി. എട്ടാം മിനിറ്റിൽ ഗ്രീസ്മാൻ പ്രത്യുപകാരം ചെയ്തു. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഗോൾമുഖത്തു നിന്ന് ദയോത് ഉപമെകാനൊ വലയിലേക്ക് കോരിയിട്ടു. അപകടം അകറ്റാതിരുന്ന ഡച്ച് ഗോളി യാസ്പർ സിൽസനാണ് ഗോളിന് കാരണക്കാരൻ. ഒറേലിയൻ ചൂമേനിയുടെ ത്രൂബോൾ സമർഥമായി റൻഡാൽ കോളോ മുവാനി ഒഴിഞ്ഞുകൊടുത്തപ്പോൾ എംബാപ്പെ ഓടിയെത്തി മൂന്നാം ഗോൾ നേടി. അവസാന വേളയിൽ എംബാപ്പെ തന്നെ നാലാം ഗോളും കണ്ടെത്തി.

ലോകകപ്പ് ഫൈനലിൽ തോറ്റ ശേഷം ഫ്രാൻസിന്റെ ആദ്യ കളിയായിരുന്നു ഇത്. എംബാപ്പെക്ക് 67 കളികളില് 38 ഗോളായി. 2017 ൽ പാരിസിൽ തന്നെ നെതർലാന്റ്‌സ് നാലു ഗോളിന് ഫ്രാൻസിനോട് തോറ്റിരുന്നു. ഫ്രാൻസിന്റെ അടുത്ത കളി തിങ്കളാഴ്ച അയർലന്റിനെതിരെയാണ്. നെതർലാന്റ്‌സിന് ദുർബലരായ ജിബ്രാൾടറുമായി കളിക്കണം.