റിയാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ പരക്കെ സംഘർഷമുണ്ടാവുകയും മുസ്ലിംകൾക്കും ഇസ്ലാമിക സ്ഥാപനങ്ങൾക്കും എതിരെ ആക്രമമണമുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണമെന്നും ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒ.ഐ.സി.
|
ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ആരാധനാലയങ്ങൾ തകർക്കപ്പെട്ടതും അതീവ ഗൗരവത്തോടെ തന്നെ കാണണം. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിച്ച് വരുന്നതിന്റെ തെളിവാണ് തുടരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെന്നും ഒ.ഐ.സി പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഒ.ഐ.സി പ്രസ്താവന ഇറക്കിയിരുന്നു. അതിനാൽ, വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് നിലവിലെ പ്രസ്താവനയിലൂടെ ഒ.ഐ.സി ആവർത്തിക്കുന്നത്. ബംഗാളിലും ബിഹാറിലുമാണ് രാമനവമി ആഘോഷ യാത്ര ഏറ്റവുമധികം അക്രമാസക്തമായത്. ആയിരത്തോളം വരുന്ന ആൾക്കൂട്ടം ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിൻറെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു. 4,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.


